തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള തടസം പുനഃസ്ഥാപിച്ചിട്ടും ഓണത്തിന് ഒരുതുള്ളി വെള്ളം പോലും കിട്ടിയില്ലെന്ന പരാതിയുമായി കൂടുതൽ പ്രദേശവാസികൾ രംഗത്ത്. തൃക്കണ്ണാപുരം, വഞ്ചിയൂർ വാർഡുകളിലാണ് ഓണത്തിനും കുടിവെള്ളം മുടങ്ങിയത്. എന്നാൽ,​ എയർ ബ്ലോക്കും വെള്ളത്തിന് പ്രഷർ ഇല്ലാത്തതും കാരണമാണ് ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തൃക്കണ്ണാപുരം വാർഡിൽ ആറാമട പാർക്ക് ജംഗ്ഷൻ മുതൽ താഴോട്ടുള്ള ഭാഗത്ത് മൂന്ന് ദിവസമായി വെള്ളം മുടങ്ങിയിട്ട്. പരാതി ഉയർന്നതോടെ ഒരുവശത്തെ വിതരണം നിറുത്തി മറുവശത്തെ ലൈൻ ചാർജ് ചെയ്തതോടെ ഉയർന്ന പ്രദേശങ്ങളിലും വെള്ളം ലഭിച്ചു. എന്നാൽ വീണ്ടും ഇരു ലൈനുകളും ഒന്നിച്ച് ചാർജ് ചെയ്തതോടെ വെള്ളം വീണ്ടും മുടങ്ങി.

വ‍ഞ്ചിയൂർ ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷനിലും കുടിവെള്ളം കിട്ടിയിട്ട് ദിവസങ്ങളായി. സ്മാർട്ട് സിറ്റി നവീകരണവുമായി ബന്ധപ്പെട്ട ഇന്റർകണക്ഷൻ നൽകുന്നത് പൂർത്തിയാകാത്തതാണ് ജലവിതരണം പൂർണതോതിൽ പുനഃസ്ഥാപിക്കാനാവാത്തത്. പരാതികൾ ഉയർന്നതോടെ രണ്ട് ദിവസം മുമ്പ് വെള്ളം ലഭിച്ചെങ്കിലും ഇപ്പോൾ വീണ്ടും വെള്ളം മുടങ്ങി.

ജലവിതരണം നിറുത്തിവയ്ക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പൊന്നും നൽകുന്നില്ല. പകരം സംവിധാനത്തിനായി ഫോൺ ചെയ്താലും അധികൃതർ കണക്കിലെടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.