തിരുവനന്തപുരം: ഓണസദ്യകഴിഞ്ഞ് കുടുംബസമേതം തലസ്ഥാനത്തെ ആഘോഷപരിപാടികളിലേക്ക് ഇറങ്ങിയതോടെ നഗരത്തിൽ ജനപ്രളയം. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾ ഇല്ലെങ്കിലും കനകക്കുന്ന്, ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ട്, പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന തകർപ്പൻ ഓണാഘോഷ പരിപാടികൾ കാണാനെത്തിയവരുടെ തിരക്കായിരുന്നു. കനകക്കുന്നിന് മുന്നിലെ റോഡിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
ആനയറ വേൾഡ് മാർക്കറ്റിൽ നടക്കുന്ന 'കടലോളം ഓണം' അണ്ടർ വാട്ടർ അക്വേറിയവും കൗതുകക്കാഴ്ചകളും കാണാനും പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ജെമിനി സർക്കസ് കാണാനും തിരക്ക് ഏറെയായിരുന്നു.
ചിക്കൻ, മീറ്റ് സ്റ്റാളുകളിൽ വൻ തിരക്ക്
നഗരത്തിലെ ചിക്കൻ, മീറ്റ് സ്റ്റാളുകളിലും തിരക്ക് ഏറെയായിരുന്നു. കേരള സംസ്ഥാന സ്ഥാപനമായ കെപ്കോയുടെ ഔട്ട്ലെറ്റുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു. മട്ടൻ, ബീഫ് സ്റ്റാളുകളിലും തിരക്ക് കുറവല്ല.