കഴക്കൂട്ടം: മെ‌ഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും,തടുക്കാൻ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്കുണ്ട്.ഇന്നലെ രാത്രി 8.30ഓടെ കഴക്കൂട്ടത്തായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശിയായ ഹാജു (30),അമ്മൂമ്മയായ നസീറ (60) എന്നിവരാണ് കുഞ്ഞിനെ കൂട്ടി കഴക്കൂട്ടത്തെത്തിയത്. അവിടെയുണ്ടായിരുന്ന ആസാം സ്വദേശി ഹാജുവിന്റെ പക്കലിരുന്ന കുഞ്ഞിന്റെ കൈപിടിച്ച് വലിച്ചതോടെ വീട്ടമ്മയുടെ നിലവിളിക്കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടി.ഇതിനിടയിൽ ഹാജുവിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിനിടയിൽ നസീറ കുഞ്ഞുമായി നിലത്തു വീണു.പരിക്കേറ്റ കുഞ്ഞിനെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ് കഴക്കൂട്ടം എ.സി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ആസാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ആസാം സ്വദേശി മദ്യലഹരിയിലായിരുന്നതായും ചോദ്യം ചെയ്താലെ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.