
തിരുവനന്തപുരം: ചാക്ക ആറ്റുവരമ്പ് റോഡ് ഇനിയെന്ന് ശരിയാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒന്നര വർഷം മുമ്പ് ഡ്രെയിനേജ് പൈപ്പ്ലൈൻ സ്ഥാപിക്കാനായി കുഴിച്ച റോഡ് നാളിതുവരെ റീടാർ ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ചാക്ക വൈ.എം.എ മുതൽ ബൈപ്പാസ് ലോർഡ്സ് ആശുപത്രി ജംഗ്ഷൻ വരെയുള്ള 700 മീറ്റർ ദൂരംവരുന്ന റോഡാണ് റീടാർ ചെയ്യാതെ അപകടാവസ്ഥയിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ പലഭാഗത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. തെരുവ് വിളക്കുകളില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെനിന്ന് പ്രായമേറിയവരും രോഗികളും ഗർഭിണികളുമടക്കം ആശുപത്രികളിലും മറ്റാവശ്യങ്ങൾക്കും പോകുന്നതിനായി ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ വിളിച്ചാൽ ഈ റോഡിലൂടെ വരാൻ ഡ്രൈവർമാർ മടിക്കുന്നു. വിദ്യാർത്ഥികളടക്കം ബൈപ്പാസിൽ എത്തിയാണ് സ്കൂളിലേക്ക് പോകുന്നത്. ഈ ദുരിതയാത്രയ്ക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാർവതി പുത്തനാറിനരികെ
റോഡിനു വശത്തായി പാർവതിപുത്തനാറാണ്. കാടുപിടിച്ചു കിടക്കുന്ന ആറ്റിൻകരയിൽ പലയിടങ്ങളിലും കൈവരിപോലുമില്ല. വാഹനങ്ങളുടെ നിയന്ത്രണം വിട്ടാൽ അനായാസം ആറ്റിൽ പതിക്കും. റോഡിന്റെ പലഭാഗങ്ങളിലേയും മണ്ണിടിഞ്ഞ് ആറ്റിൽ പതിച്ച നിലയിലാണ്. ആറ്റിലും കരയിലും പായലും പുല്ലും പിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. മഴയായാൽ ആറ്റിലെ വെള്ളവും റോഡിലെ ചെളിവെള്ളവും ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽത്തന്നെ ആദ്യമായി ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിലെ കുഴികളും തിരിച്ചറിയാനാവില്ല. കാൽനടപോലും അസാദ്ധ്യമാണ്. മഴമാറിയാൽ റോഡ് പൊടിപടലങ്ങളാൽ നിറയും.