accident

ഈ ഓണക്കാലത്ത് റോഡപകടങ്ങൾ വളരെ കൂടുതലായിരുന്നു. ഇതിൽത്തന്നെ മൈനാഗപ്പള്ളിയിൽ നടന്ന റോഡപകടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം സമാനതകളില്ലാത്തതും മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. കാർ ഓടിച്ചിരുന്ന വ്യക്തി ക്രൂരത കാട്ടിയില്ലായിരുന്നെങ്കിൽ ആ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. കാർ ഇടിച്ച് വീട്ടമ്മ അതിനടിയിലേക്കാണ് വീണത്. കാർ എടുക്കല്ലേ എന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞതു കേൾക്കാതെ,​ കാർ മുന്നോട്ട് നീങ്ങാത്തതിനാൽ പിറകോട്ട് എടുത്തശേഷം,​ റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വേഗത്തിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു. മരണമടഞ്ഞ കുഞ്ഞുമോൾ ക്യാൻസർ രോഗി കൂടിയായിരുന്നു. കാർ ഡ്രൈവർ അജ്‌മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്.

അപകടമുണ്ടായ ഉടൻ കാർ മുന്നോട്ടെടുത്ത് ഓടിച്ചുപോകാൻ വനിതാ ഡോക്ടർ ആവശ്യപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റു ചികിത്സയിലാണ്. മദ്യലഹരിയിൽ വാഹനമോടിക്കുന്നതിനെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടായിട്ടും അത്തരം പ്രവണത കുറയുന്നില്ലെന്നുവേണം അനുമാനിക്കാൻ. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിഴവിന് ഒരു ജീവിതകാലം മുഴുവനും വിലകൊടുക്കേണ്ടിവരുന്ന പരിക്കുകളുമായി നിരപരാധികളായ വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും കഴിയേണ്ടിവരുന്നത് വിധിയെന്നു പറഞ്ഞ് നമുക്ക് ന്യായീകരിക്കാനാവുന്നതല്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ ഉത്തരവാദികളിൽ നിന്ന് ഭീമമായ നഷ്ടപരിഹാരം ഈടാക്കി,​ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നൽകാൻ നിയമം ഉണ്ടാകണം. മനപ്പൂർവമായ നരഹത്യ സൃഷ്ടിക്കുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുള്ള നിയമമാണ് വേണ്ടത്.

പലപ്പോഴും മദ്യലഹരിയും അമിത വേഗവുമാണ് പല അപകടങ്ങൾക്കും ഹേതുവാകുന്നത്. തിരുവോണ നാളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം റോഡപകടങ്ങളിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കളാണ് മരിച്ചത്. ഇതിനു പുറമെ മംഗലപുരത്ത് റോഡ് മുറിച്ച് നടക്കുന്നതിനിടെ ബൈക്കിടിച്ച് ഒരാളും,​ ബൈപാസിൽ കുളത്തൂരിനു സമീപം രണ്ട് വാഹനാപകടങ്ങളിലായി വഴിയാത്രക്കാരി ഉൾപ്പെടെ രണ്ടുപേരും,​ നെയ്യാറ്റിൻകരയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. മരണമടഞ്ഞ ഏഴുപേരിൽ മൂന്നുപേർ 20-ൽ താഴെ മാത്രം പ്രായമുള്ളവരാണ്. വാഹനമോടിക്കുന്ന ചെറുപ്പക്കാർക്ക്,​ അമിത വേഗത ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ സർക്കാർ - സ്വകാര്യ ഏജൻസികൾ തയ്യാറാകണം.

ശരിയായ ഒരു ഗതാഗത സംസ്കാരം പുലർത്തുന്നതിൽ നമ്മൾ ഇപ്പോഴും വളരെ പിന്നിലാണ്. നിസാര കാര്യങ്ങൾക്കു പോലും റോഡിൽ ട്രാഫിക്ക് കുരുക്കുണ്ടാക്കി വഴക്കിടാൻ പലർക്കും ഒരു മടിയുമില്ല. വയസായവർ റോഡ് മുറിച്ചുകടക്കാൻ നിൽക്കുമ്പോൾ പോലും,​ ബ്രേക്ക് ഒന്നു ചവിട്ടിക്കൊടുക്കാൻ തയ്യാറാകാത്തവരാണ് കൂടുതലും. ട്രാഫിക് സംസ്‌കാരം ചെറിയ ക്ളാസുകളിൽ മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികൾ ആവിഷ്കരിച്ചാൽ ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാനാകും. മൈനാഗപ്പള്ളിയിലേതു പോലുള്ള അതിഹീനമായ പ്രവൃത്തികൾ റോഡിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാവുകയും വേണം. റോഡിൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല എന്ന ബോധം സ്റ്റിയറിംഗ് പിടിക്കുന്ന ഓരോരുത്തരിലും ഉണ്ടാകേണ്ടതും അനിവാര്യമാണ്.