
നേമം: പള്ളിച്ചലിൽ നിയന്ത്രണം വിട്ട കാർ ഫുട്‌പാത്ത് കമ്പി വേലിയും ഗേറ്റും തകർത്ത് വീടിനോടു ചേർന്ന ടയർ റിപ്പയറിംഗ് കടയിലേക്ക് ഇടിച്ചുകയറി.കാറുടമയ്ക്ക് പരിക്കുപറ്റി. ടയർ റിപ്പയറിംഗ് കടയുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കരമന - കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലത്തിനും പള്ളിച്ചലിനും ഇടയ്ക്ക് ഇന്നലെ രാവിലെ 8നായിരുന്നു സംഭവം. സ്ഥലവാസിയായ സുദർശനന്റെ കെട്ടിടത്തോടു ചേർന്ന് വാടകയ്ക്ക് പ്രവർത്തിക്കുന്ന ഹരികുമാറിന്റെ ഫ്രീ സ്റ്റോൺ ടയർ വർക്സ് റിപ്പയറിംഗ് കടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന പള്ളിച്ചൽ ഗാന്ധിനഗർ റെയിൽവേയ്ക്കടുത്ത് കാർത്തികയിൽ താമസിക്കുന്ന കോൺട്രാക്ടർ കൂടിയായ അഡ്വ.സുനിൽകുമാർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നേമം പൊലീസ് പറഞ്ഞു. ഇയാൾ നെയ്യാറ്റിൻകര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡ്രൈവറുടെ വശം പൂർണമായും തകർന്നു.സുനിൽകുമാറിന്റെ കൈ കാലുകൾക്ക് പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാർ വളരെ ശ്രമപ്പെട്ടാണ് ഇയാളെ കാറിന് പുറത്തേക്കെടുത്ത് നേമം ശാന്തിവിള ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയിൽ ഫുട്പാത്തിനരികിലെ ഇരുമ്പ് വേലി,ഇരുമ്പ് ഗേറ്റ്,ടയർ കടയ്ക്ക് മുന്നിലെ ഫിഷ് ടാങ്ക് എന്നിവ പൂർണമായും തകർന്നു. ഹരികുമാർ കട തുറക്കാൻ എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം. നഷ്ടപരിഹാരം നൽകാം എന്ന വ്യവസ്ഥയിൽ ഇരുകൂട്ടരും സ്റ്റേഷനിൽ ഒത്തുതീർപ്പിലേക്കെത്തി.