
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ 2020 സെപ്തംബർ 7 ന് ജില്ലാ പഞ്ചായത്ത് ഫണ്ടായ 50 ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്നേഹകുടീരം പകൽവീട് വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
10 ലക്ഷം രൂപ ചെലവഴിച്ചാണ് ഫർണീച്ചർ ഉൾപ്പെടെയുളള എല്ലാ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിരുക്കുന്നത്. നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.എസ്.എസ് എന്ന മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയാണ് ഇതിലേക്കാവശ്യമായ 35 സെന്റ് സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറിയത്. 2001 ജനുവരി 10ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ് വൃദ്ധസദന നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വി.എസ്.എസ് കൂട്ടായ്മ വൃദ്ധസദനം നിർമ്മിക്കണമെന്ന ഉറപ്പിൻമേൽ സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറി.
കെട്ടിടം അടച്ചിട്ട നിലയിൽ
കൊവിഡ് നിയന്ത്രണത്തെ തുടർന്ന് കെട്ടിടം താത്കാലിക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയിരുന്നു. വയോജനങ്ങൾക്ക് രാവിലെ 8 മുതൽ 5 വരെ ഇവിടെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും പണികഴിപ്പിച്ചതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരം പാചകം ചെയ്യുന്നതിനുളള അടുക്കള, ടി..വി, പുസ്തകങ്ങൾ, മരുന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയെങ്കിലും പകൽവീട് അടഞ്ഞുതന്നെയാണ്. സ്നേഹകുടീരം പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.
നിലവിൽ ഈ കെട്ടിടം ഉൾപ്പെടുന്ന മേഖല സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്.
നടപടിയുണ്ടാകാതെ
നന്ദിയോട് പഞ്ചായത്തിൽ 120 ഓളം വൃദ്ധജനങ്ങൾക്ക് പകൽവീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നന്ദിയോട് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.