
തിരുവനന്തപുരം: വയനാട് ദുരന്തനിവാരണത്തിൽ പിണറായി സർക്കാർ കള്ളക്കണക്ക് എഴുതുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാർ പ്രളയം മുതൽ കൊവിഡ് വരെ അഴിമതിക്ക് ഉപയോഗിച്ചു. ജൂലായ് 30ന് നടന്ന ദുരന്തത്തെക്കുറിച്ച് ആഗസ്റ്റ് 17ന് കള്ളക്കണക്ക് തയ്യാറാക്കിയവരെ എന്തു ചെയ്യണമെന്ന് ജനം പറയും. ശവസംസ്കാരം, ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം സൗജന്യമായി നൽകിയ സന്നദ്ധ സംഘടനകളെയും സർക്കാർ അപമാനിച്ചു. കൃത്യമായ കണക്ക് നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് കേരളം മറന്നിട്ടില്ല. ദുരന്തം നടന്ന് ഒന്നര മാസം പിന്നിടുമ്പോൾ കൃത്യമായ കണക്ക് കേന്ദ്രസർക്കാരിന് നൽകിയോ എന്ന് പിണറായി വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജനത്തെ
കബളിപ്പിക്കുന്നു: കെ. സുരേന്ദ്രൻ
കോഴിക്കോട്: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ദുരന്തമുണ്ടായപ്പോൾ ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും കേരളത്തെ സഹായിച്ചു. എന്നാൽ ഒരു നന്ദി വാക്കുപോലും പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല.
വോളണ്ടിയർമാരുടെ ചെലവ് കോടികൾ ആണെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ജീവനക്കാരൊഴികെയുള്ള എല്ലാവരും സന്നദ്ധ സംഘടനകളുടേയോ രാഷ്ട്രീയ പാർട്ടികളുടേയോ പ്രവർത്തകരായിരുന്നു. അവരാരും പ്രതിഫലം വാങ്ങിയിട്ടില്ല. ഇത്രയും കോടികൾ ചെലവ് വരുന്ന വോളണ്ടിയർമാർ സർക്കാർ ജീവനക്കാരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രണ്ടുവർഷംകൊണ്ട് എത്ര കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.