തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന് പൂജപ്പുര സരസ്വതി മണ്ഡപവും ഓഡിറ്റോറിയവും ജനകീയ സമിതിക്ക് കോർപ്പറേഷൻ സൗജന്യമായി നൽകും. ഇതു സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്തിരുന്നതായും നടപടിക്രമങ്ങളുടെ ഭാഗമായാണ് ബൈലാ പ്രകാരമുള്ള വാടക നിശ്ചയിച്ച് നോട്ടീസ് നൽകിയതെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വാടക ആവശ്യപ്പെട്ടുള്ള കത്ത് മാത്രമാണ് ലഭിച്ചതെന്നും മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജനകീയസമിതി ഭാരവാഹികളും പറഞ്ഞു. അതേസമയം വ്യാപാരങ്ങൾ നടക്കുന്ന പൂജപ്പുര മൈതാനം ലേലത്തിലൂടെ മാത്രമേ ഇക്കുറി നൽകൂവെന്നാണ് കോർപ്പറേഷന്റെ നിലപാട്. അതിനാൽ ലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജനകീയ സമിതി. ഈ മാസം 11നാണ് സരസ്വതി മണ്ഡപത്തിന് ആയിരം രൂപ പ്രതിദിന വാടക നിശ്ചയിച്ച് നോട്ടീസ് നൽകിയത്. ഇതോടെ ജനകീയ സമിതി ആശങ്കയിലായി. എന്നാൽ 10ന് കോർപ്പറേഷനിൽ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ മൈതാനം ലേലത്തിൽ നൽകാനും മുൻവർഷങ്ങളിലേതുപോലെ ജനകീയ സമിതിയുടെ കത്ത് ലഭിക്കുന്നതനുസരിച്ച് ഓഡിറ്റോറിയവും മണ്ഡപവും സൗജന്യമായി നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ 12ന് ജനകീയസമിതി കത്ത് നൽകിയെങ്കിലും തുടർന്നുള്ള ദിവസം ഓണാഘോഷവും അവധി ദിനങ്ങളുമായതിനാൽ അപേക്ഷയുടെ ഫയലിൽ തീരുമാനമെഴുതിയെങ്കിലും ഉത്തരവായില്ല. ഇതിനിടെയാണ് വാടക ഈടാക്കുന്നതായി പ്രചാരണമുണ്ടായതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. പൂജപ്പുര മൈതാനം 11.5ലക്ഷം രൂപയ്ക്ക് കഴിഞ്ഞ വർഷം വരെ ജനകീയസമിതിക്ക് നൽകിയിരുന്നു. സമിതിയാണ് മറ്റ് കച്ചവടക്കാരിൽ നിന്ന് തുകവാങ്ങി വീതംവച്ചു നൽകുന്നത്. കോർപ്പറേഷൻ ഇത് നേരിട്ട് ചെയ്താൻ കൂടുതൽ വരുമാനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ലേലം നടത്താത്തതിനെക്കുറിച്ച് ഓഡിറ്റ് പരാമർശമുണ്ടായതിനാലാണ് ഇക്കുറി ലേലം നടത്താൻ തീരുമാനിച്ചതെന്നും കോർപ്പറേഷൻ അധികൃതർ വിശദീകരിച്ചു.15ലക്ഷം എന്ന തുക നിശ്ചയിച്ചാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

മൈതാനത്തിനായി കോർപ്പറേഷൻ നടത്തുന്ന ലേലത്തിൽ പങ്കെടുക്കില്ല. മൈതാനത്തിൽ നിന്നുൾപ്പെടെ ലാഭം വിവിധ ജനകീയപ്രവർത്തനങ്ങൾക്ക് ചെലവിട്ടിരുന്നു. ഇത്തവണ ലാഭത്തിൽ നിന്ന് വയോജനകേന്ദ്രത്തിന്റെ നിർമ്മാണമാണ് ഉദ്ദേശിച്ചിരുന്നത്.

-വട്ടവിള ഗോപൻ

ജനകീയ സമിതി സെക്രട്ടറി

സരസ്വതി മണ്ഡപവും ഓഡിറ്റോറിയവും സമിതിക്ക് മുൻവർഷങ്ങളിലെ പോലെ സൗജന്യമായി നൽകാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പൂജവയ്പ്പ് മഹോത്സവം നഗരത്തിന്റെയും നഗരസഭയുടെയും അഭിമാനമാണ്. അത് ഏറ്റവും നല്ല രീതിയിൽ നടത്തുന്നതിന് നടപടി സ്വീകരിക്കും.

-ആര്യ രാജേന്ദ്രൻ

മേയർ