ആറ്റിങ്ങൽ: മഴക്കാലത്ത് ആറ്റിങ്ങൽ മേഖലയിലെ ദേശീയപാതയിലുണ്ടാകുന്ന വെള്ളക്കെട്ടിന് നാളിതുവരെ പരിഹാരമില്ല. ദേശീയ പാതയിൽ ടി.ബി ജംഗ്ഷൻ മുതൽ മാമം മൂന്നുമുക്ക് വരെയുള്ള ഭാഗം നാലു വരി പാതയാക്കിയതോടെയാണ് മഴക്കാലത്ത് വിവിധയിടങ്ങളിൽ സ്ഥിരം വെള്ളക്കെട്ടായി മാറിയിരിക്കുന്നത്. പാതയുടെ നിർമ്മാണത്തിലുള്ള പിഴവാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരമായാണ് 33 കോടിയിൽപ്പരം രൂപ ചെലവഴിച്ച് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത നാലുവരിയാക്കിയത്. പൂവമ്പാറ പാലത്തിനു സമീപത്തെ മാടൻനട ക്ഷേത്രത്തിന് മുന്നിൽ ദേശീയപാതയുടെ മുക്കാൽ ഭാഗവും മഴക്കാലത്ത് വെള്ളം നിറയും. മഴവെള്ളം മിക്കപ്പോഴും ഗേറ്റ് വഴി ക്ഷേത്രത്തിനുള്ളിൽ കയറും. ഇത് പരിഹരിക്കാൻ അടുത്തിടെ റോഡരികിലെ ഇന്റർലോക്ക് പൊളിച്ചുമാറ്റി മഴവെള്ളം പഴയ ദേശീയ പാതയിലെക്ക് തിരിച്ചു വിട്ടെങ്കിലും ഇവിടെ ശാശ്വാത പരിഹാരമായ ഓടയുടെ നിർമ്മാണം എങ്ങുമെത്തിയില്ല.

 സ്ഥിരം വെള്ളക്കെട്ട്

 ടി.ബി ജംഗ്ഷൻ മുതൽ എൽ.എം.എസ് റോഡ് വരെയുള്ള റോഡ് നിരന്നതാണങ്കിലും മഴ പെയ്താൽ വെള്ളക്കെട്ടാകും

റോഡിൽ ഒഴുകിയെത്തുന്ന മഴ വെള്ളം ഓടയിലേക്ക് ഒഴുക്കാനുള്ള വഴികൾ അടയുന്നതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.

 യഥാസമയം മഴക്കാല പൂർവ ശുചീകരണം നടത്താത്തതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നു

ഈ മേഖലയിൽ കഴിഞ്ഞ മഴക്കാലത്ത് റോഡിൽ രണ്ടടിയോളമാണ് വെള്ളം ഉയർന്നത്.

 ആവശ്യങ്ങൾ ഇങ്ങനെ

മുനിസിപ്പൽ ബസ് സ്റ്റാൻഡ് മേഖലയിലെ വെള്ളക്കെട്ടിനും കുറവൊന്നുമില്ല. ഇവിടെ മഴക്കാലം തീരുന്നതുവരെ വെള്ളക്കെട്ടാണ്. മഴ വെള്ളം ഒഴുകി ഓടയിലെത്തുന്ന സംവിധാനങ്ങളിലെ അടവാണ് ഇവിടെയും വെള്ളക്കെട്ടിന് കാരണമാകുന്നത്. സുഗമമായ വാഹന യാത്രയ്ക്ക് ദേശീയ പാതയുടെ സ്ഥിരം വെള്ളക്കെട്ട് മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കണമെന്നാണ് ആവശ്യം.

മഴ മാറി നിൽക്കുന്ന സമയങ്ങളിൽ വേണ്ട നിർമ്മാണ ജോലികൾ പൂർത്തിയാക്കിയാൽ അടുത്ത മഴക്കാലത്തെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.