പാറശാല: പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാറശാല ടൗണിലെ ജനങ്ങൾ ഓണത്തിനും ആശങ്കയിലാണ്. ഉയർന്ന പ്രദേശങ്ങളിലെ പല വീടുകളിലും കുടിവെള്ളമെത്തിയിട്ട് മാസങ്ങളായി. അധികൃതർ വെള്ളക്കരം വർദ്ധിപ്പിച്ചിട്ടും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
പാറശാലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കോടികൾ ചെലവാക്കി പദ്ധതികൾ പലതും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കുടിവെള്ള വിതരണം ഉറപ്പാക്കാൻ അധികൃതർക്കായിട്ടില്ല.
പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കൂടുതലും ബുദ്ധിമുട്ടനുഭവിക്കുന്നത്.
ടൗണിലെ കുടിവെള്ള വിതരണത്തിനായി പാറശാല ബ്ലോക്ക് ഓഫീസിനു സമീപം ഒരു വാട്ടർടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ടാങ്ക് പൊളിച്ച് മാറ്റിയതോടെയാണ് ടൗണിലെ കുടിവെള്ള വിതരണം തടസമായത്. വാട്ടർടാങ്ക് പൊളിച്ചതോടെ കുടിവെള്ള വിതരണം ലൈനിൽ നിന്നും നേരിട്ടായി. നേരത്തെ പൈപ്പ് പൊട്ടിയാൽ ടാങ്കിൽ സംഭരിച്ചിട്ടുള്ള വെള്ളം വിതരണം നടത്തുന്നതിന് കഴിയുമായിരുന്നു. ടാങ്ക് പൊളിച്ചതോടെ പൈപ്പ് പൊട്ടുമ്പോൾ കുടിവെള്ളവും നിലയ്ക്കും.
പൈപ്പ് പൊട്ടൽ തുടർക്കഥ
പാറശാലയിലെ ജലസംഭരണി സ്ഥിതിചെയ്യുന്ന വണ്ടിച്ചിറ മുതൽ പരശുവയ്ക്കൽ വരെയും ദേശീയപാതയിൽ പരശുവയ്ക്കൽ മുതൽ ഇടിച്ചക്കപ്ലാമൂട് വരെയുമാണ് പൈപ്പ് ലൈൻ അടിക്കടി പൊട്ടാറുള്ളത്.നിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ പൈപ്പ് ലൈനുകളാണ് അടിക്കടി പൊട്ടുന്നതിന് കാരണം. ഉയർന്ന മേഖലകളിലേക്ക് വെള്ളം എത്തിക്കുന്നതിന് കൂടുതൽ മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതും പൈപ്പ് ലൈനുകൾ അടിക്കടി പൊട്ടാനുള്ള മറ്റൊരു കാരണമാണ്.
കാരണങ്ങളേറെ
പാറശാല ടൗണിലെ വിതരണത്തിനായി വണ്ടിച്ചിറയിൽ നിന്നുള്ള വെള്ളത്തെ കാളിപ്പാറയിലെ വെള്ളം നെയ്യാറ്റിൻകരയിൽ നിന്നും പൊൻവിളവഴി പാറശാലയിലെത്തിച്ച് വിതരണത്തിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നെയ്യാറ്റിൻകരയിൽ തികയാതായതോടെ പാറശാലയിലേക്ക് വെള്ളം എത്തിക്കാനുള്ള വാൽവ് അടച്ചതും കുടിവെള്ള തടസങ്ങൾക്ക് കാരണമായി.
പരാതി നൽകിയിട്ടും
ദിവസങ്ങൾക്ക് മുൻപ് പാറശാല ടൗണിലെ കുടിവെള്ളമെത്താത്ത വീടുകളിലെ വീട്ടമ്മമാർ ചേർന്ന് വാട്ടർ അതോറിട്ടി ഓഫീസിലെത്തി അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഉടനെ വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ യാതൊരു നടപടികളും ഉണ്ടായില്ലെന്നതാണ് നാട്ടുകാരുടെ പരാതി.