തിരുവനന്തപുരം: നാടും നഗരവും ഓണക്കാല അവധിയിലായതോടെ ജനത്തിരക്കിൽ നിറഞ്ഞിരിക്കുകയാണ് ശംഖുംമുഖം കടപ്പുറം.കുട്ടികളും വൃദ്ധരുമടക്കം കുടുംബമായും കൂട്ടമായും നിരവധി ആളുകളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് കടലിന്റെയും സായംസന്ധ്യയുടെയും മാസ്മരിക കാഴ്ചകൾ ആസ്വദിക്കുന്നതിനായി കടപ്പുറത്തെത്തുന്നത്. ഇത്തവണ നല്ല സീസണായതോടെ കാഴ്ചക്കാരും കച്ചവടക്കാരുമെല്ലാം ഉഷാറിലാണ്.
കടലേറ്റവും കള്ളക്കടൽ പ്രതിഭാസവുമൊക്കെ ശംഖുംമുഖത്തെ റോഡടക്കമുള്ള തീരം കടലെടുത്തിട്ടും അതൊന്നും തങ്ങളുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് കാഴ്ചക്കാർ പറയുന്നത്.
മഴയും കടൽക്ഷോഭവും കാരണം കഴിഞ്ഞ ഓണം സീസണിൽ ആളുകൾ വളരെ കുറവായിരുന്നു. ഇത്തവണ തെളിച്ചമുള്ള കാലാവസ്ഥയുള്ളതിനാൽ വളരെ ദൂരെ നിന്നുപോലും നിരവധി ആളുകൾ എത്തുന്നുണ്ടെന്ന് ശംഖുംമുഖത്തെ വ്യാപാരികൾ പറഞ്ഞു. ഓണാവധി തുടങ്ങിയ ശേഷം വൈകിട്ട് നാല് മുതൽ അർദ്ധരാത്രി 12ന് ശേഷവും ബീച്ച് നിറഞ്ഞ് ആളുകളുണ്ട്.
കാഴ്ചക്കാർക്ക് ഉല്ലാസം കൂട്ടാൻ ഡബിൾഡക്കർ മരണക്കിണറും ജയിന്റ് വീലും ഡ്രാഗൺ ട്രെയിനും ടോയി ട്രെയിനും ഉൾപ്പെടെയുള്ള സാഹസിക വിനോദോപകരണങ്ങളുമായി വെഞ്ഞാറമൂട് സ്വദേശി ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള ഗോൾഡൻ അമ്യൂസ്‌മെന്റ് കാർണിവലും സജ്ജമാക്കിയിട്ടുണ്ട്. സന്ധ്യയാകുമ്പോൾ പല കളറുകളിലുള്ള ലൈറ്റ് സജ്ജീകരണങ്ങളോടെ മ്യൂസിക് ബാന്റുകളും ബീച്ചിൽ ആഘോഷപൂരിതമാക്കും. കുട്ടികളെ കൈയിലെടുക്കാൻ ടോയി കാറുകളും കളിപ്പാട്ടങ്ങളുമായി പല സംഘങ്ങളും ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
മനോഹാരിത നഷ്ടമായി
കടൽക്ഷോഭം മൂലം റോഡ് തകർന്നതും തീരശോഷണം വ്യാപകമായതും ശംഖുംമുഖം ബീച്ചിന്റെ മനോഹാരിതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. തീര റോഡിനെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിക്കുന്നത് പുരോഗമിക്കുന്നുണ്ടെങ്കിലും ചില ഭാഗം തകർന്നുകിടക്കുകയാണ്. കൂടാതെ, ബീച്ചിൽ ടോയ്‌ലെറ്റും വ്യാപാര കേന്ദ്രവും ഫുഡ് സ്ട്രീറ്റും അടക്കമുള്ളവ നിർമ്മിക്കുന്നതിനുള്ള പദ്ധതിയും പാതിവഴിയിലാണ്. കേരള ടൂറിസത്തിന്റെയും ഡി.ടി.പി.സിയുടെയും മേൽനോട്ടത്തിലാണ് നിർമ്മാണം.