
തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി 2 യോഗ്യതയുള്ളവർക്കും മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്. താത്പര്യമുളളവർ triplewin.norka@kerala.gov.in ലേക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 10നകം അപേക്ഷിക്കണം.
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് കുറഞ്ഞ ശമ്പളം.കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org.
വിവിധ എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ
2025-ലെ ജെ.ഇ.ഇ മെയിൻ, നീറ്റ്, ജെ.ഇ.ഇ അഡ്വാൻസ്ഡ്, കീം, ഐസർ തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ സമയമാണിത്. പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോഴും ഡോക്യുമെന്റുകൾ സമർപ്പിക്കുമ്പോഴും വിവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
2025- ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഓൺലൈൻ പരീക്ഷ ജനുവരി 25-ന് തുടങ്ങും. 2024 ഡിസംബറിൽ ഇതിന്റെ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങും. 2025 മേയ് നാലിനാണ് നീറ്റ് പരീക്ഷ. ഇതിന് ഓൺലൈൻ അപേക്ഷ ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും.
ഇത്തരം അപേക്ഷകൾ സമർപ്പിക്കുമ്പോൾ കൃത്യമായ ഐ.ഡി പ്രൂഫ് വേണം. ആധാർ കാർഡ് ഉപയോഗിക്കുന്നവർ അതിലെ ഫോട്ടോ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പു വരുത്തണം. വർഷങ്ങൾക്കു മുമ്പുള്ള ഫോട്ടായാണ് ഐ.ഡി കാർഡിലേതെങ്കിൽ തുടർനടപടികൾക്ക് പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ പഴയ ഫോട്ടോഗ്രാഫാണ് ഐഡിയിലെങ്കിൽ അത് അപേഡേറ്റ് ചെയ്യുക. ആധാർ നമ്മുടെ ഫോൺ നമ്പരുമായി ലിങ്ക് ചെയ്താണ് തുടർ നടപടികൾ. രജിസ്റ്റേർഡ് നമ്പറിലേക്കാണ് ഒ.ടി.പി വരിക. ഈ ഒ.ടി.പി എന്റർ ചെയ്തുവേണം ഓൺലൈൻ നടപടി പൂർത്തിയാക്കാൻ. വിദേശത്ത് താമസിക്കുന്ന, ആധാർ ഇല്ലാത്തവർ പാസ്പോർട്ട് നമ്പർ എന്റർ ചെയ്താൽ മതി. അതിന് ഒ.ടി.പി ആവശ്യമില്ല. വിവിധ റിസർവേഷൻ സംബന്ധിച്ചുള്ള കാര്യങ്ങളും നേരത്തെതന്നെ നോക്കി മനസിലാക്കുന്നത് തുടർ നടപടികൾ ലളിതമാകാൻ സഹായിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്:
രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ ഇന്നു കൂടി
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ ഇന്നു കൂടി നടത്താം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കൽ എന്നിവയ്ക്ക് www.cee.kerala.gov.inൽ സൗകര്യമുണ്ട്. ഒന്നാംഘട്ടത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരും അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ-0471-2525300