
ശിവഗിരി: എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം ആത്മസാക്ഷാത്കാരമാണെന്ന് സ്വാമി വിവിക്താനന്ദസരസ്വതി( ചിന്മയ മിഷൻ) പറഞ്ഞു. ശിവഗിരിയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതമെന്നത് ആദ്ധ്യാത്മിക ശാസ്ത്രത്തിൽ പരാമർശിച്ചിട്ടില്ല. ഹിന്ദുധർമം, സനാതന ധർമം എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. . സത്യത്തിൽ അധിഷ്ഠിതമാണ് ഹിന്ദുധർമം. . ഹിന്ദു സന്യാസിമാർ വിശാലമായ കാഴ്ചപ്പാടുള്ളവരായിരിക്കണം. ഗുരുദേവന്റെ ഓരോ കൃതികളും ഓരോ ഉപനിഷത്തുക്കളാണെന്നും സ്വാമി വിവിക്താനന്ദ സരസ്വതി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടു വച്ച തത്വങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കേണ്ടുതണ്ടെന്ന് കോഴിക്കോട് ശാന്തിമഠത്തിലെ സ്വാമി ആത്മചൈതന്യ പറഞ്ഞു. ഗുരുദേവന്റെ ക്രാന്തദർശനം ഒരേ സമയം ലളിതവും കടുപ്പവുമാണ്. ഓരോ വാക്കിനും വ്യത്യസ്ത അർത്ഥങ്ങളുണ്ട്. കടുത്ത തപസിലൂടെ ലഭിച്ച സിദ്ധിയാണ് ഗുരു തലമുറകൾക്ക് കൈമാറിയതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുദേവൻ ഒരു ജാതിയുടെയോ മതത്തിന്റെയോ അല്ല, ലോകത്തിന്റെ ഗുരുവാണെന്ന് ഫാ.കോശിജോർജ് വരിഞ്ഞവിള പറഞ്ഞു.. ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ ഗുരുദേവൻ ഉദ്ബോധിപ്പിച്ചു. . മതങ്ങൾ തമ്മിൽ കലഹം വേണ്ടെന്ന കാഴ്ചപ്പാടാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ദർശനത്തിലൂടെ മുന്നോട്ടു വച്ചത്. ശിവഗിരി തീർത്ഥാടകർക്ക് വരിഞ്ഞവിള പള്ളിയിൽ പ്രാർത്ഥനയ്ക്കും വിശ്രമത്തിനും താൻ സൗകര്യമൊരുക്കാറുള്ള കാര്യവും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് അദ്വിതീയമാണെന്ന് ഫൈസി ഓണംപിള്ളി പറഞ്ഞു. . ജയിക്കാൻ സാധിക്കാത്തതാണ് സംവാദമെന്ന ബോദ്ധ്യത്തിൽ നിന്നാണ് സർവമത സമ്മേളനം രൂപപ്പെട്ടത്.. ദേഷ്യം വരാതിരിക്കുന്നിടത്താണ് യഥാർത്ഥ മതമുള്ളത്. സനാതന ധാർമികതയുടെ ഏറ്റവും ഉത്കൃഷ്ടമായ രൂപമാണ് ഗുരുദേവനെന്നും ഫൈസി പറഞ്ഞു.