30

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. നെയ്യാറ്റിൻകര ആലത്തൂർ സ്വദേശിയായ സൈലനാണ് (40) മണ്ണിനടിയിൽപ്പെട്ടത്. ആനാവൂരിൽ സ്വകാര്യ മസാലക്കമ്പനിയുടെ സൈഡ് വാൾ നിർമ്മാണത്തിനായി മണ്ണ് നീക്കിക്കൊണ്ടിരിക്കെ മണ്ണിടിഞ്ഞ് സൈലന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയിരിക്കുമ്പോഴാണ് സംഭവം. നാട്ടുകാരുടെയും കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെയും പരിശ്രമത്തിനൊടുവിൽ സൈലന്റെ തലഭാഗത്തു നിന്ന് മണ്ണ് മാറ്റുകയും പിന്നീട് ഫയർഫോഴ്സും മാരായമുട്ടം പൊലീസും സ്ഥലത്തെത്തി ഒന്നേ മുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സൈലനെ പൂർണമായും പുറത്തെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ സൈലന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.