
കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ 2750 രൂപ അക്കൗണ്ടുകളിലെത്തി
1250 രൂപ ഇന്നും നാളെയുമായി നൽകാമെന്ന് ഉറപ്പ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ എച്ച്.എം.സി (ഹോസ്‌പിറ്റൽ മാനേജ്മെന്റ്) ജീവനക്കാർക്കെല്ലാം 4000 രൂപ ബോണസ് നൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി. ആശുപത്രി സൂപ്രണ്ട് ഇക്കാര്യം എച്ച്.എം.സി അംഗങ്ങളെയും യൂണിയൻ ഭാരവാഹികളെയും ഇന്നലെ ഫോണിലൂടെ അറിയിച്ചു.
ഉത്സവബത്തയായ 2750 രൂപ ഇന്നലെ വൈകിട്ടോടെ ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തി. ഓണത്തിന് 120 എച്ച്.എം.സി ജീവനക്കാർക്ക് ബോണസോ ഉത്സവബത്തയോ നൽകാതെ പ്രതിസന്ധിയിലാക്കിയ വാർത്ത കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി.
ഈമാസം 10ന് ഇറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം കഴിഞ്ഞ ഓണത്തിന് ശേഷം 200 ദിവസം ജോലി ചെയ്തവർക്ക് 4000 രൂപ ബോണസും അതിനുതാഴെ ജോലി ചെയ്തവർക്ക് 2750 ഉത്തവബത്തയും നൽകാനായിരുന്നു നിർദ്ദേശം. കേരളത്തിലെ മറ്റ് ആശുപത്രികളെല്ലാം ഇത് പാലിച്ചെങ്കിലും എച്ച്.എം.സി ജീവനക്കാർ 179 ദിവസം കൂടുമ്പോൾ കരാർ പുതുക്കേണ്ടതിനാൽ ആർക്കും 4000 രൂപ ബോണസിന് അർഹതയില്ലെന്നുമായിരുന്നു ജനറൽ ആശുപത്രി അധികൃതരുടെ വിചിത്രമായ കണ്ടെത്തൽ.
മുൻകാലങ്ങളിലെ പോലെ ബോണസിന് കരാർ കാലാവധി മാനദണ്ഡമല്ലെന്ന് എച്ച്.എം.സി അംഗങ്ങളും ജീവനക്കാരും ആശുപത്രി അധികൃതരോട് വിശദീകരിച്ചെങ്കിലും അത് അംഗീകരിച്ചില്ല. ഇതോടെയാണ് ബോണസും ഉത്സവബത്തയും നൽകാതെ പിടിച്ചുവച്ചത്. എന്നാൽ വാർത്തയ്ക്ക് പിന്നാലെയാണ് എല്ലാവർക്കും ബോണസ് തുകയായ 4000 രൂപ രണ്ടുഘട്ടമായി നൽകാമെന്ന് തീരുമാനിച്ചത്. ആദ്യഘട്ടം 2750രൂപ നൽകുകയും ചെയ്തു. ബാക്കി തുകയായ 1250 രൂപ ഇന്നും നാളെയുമായി അക്കൗണ്ടിലെത്തുന്നതോടെ ജീവനക്കാർക്ക് ആശ്വാസമാകും.