മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നു. വഴിയാത്രക്കാരെയും വീടുകളിലിരിക്കുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവാകുന്നു. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി മുക്കംപാലമൂട് ഭാഗത്ത് തെരുവുനായ നാലുപേരെ കഴിഞ്ഞ ദിവസം കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും പതിവായിട്ടുണ്ട്. മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലും നായ്ക്കളുടെ കൂട്ടമുണ്ടാകും.

രാത്രികാലങ്ങളിൽ വീടുകളിലെത്തി ആട്,പശു,കോഴി,വളർത്തുപൂച്ച എന്നിവയെ
കടിച്ച് കൊല്ലുന്നത് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ് ശാന്തിനഗറിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായിട്ടുണ്ട്. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയെ അടുത്തിടെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മാറനല്ലൂർ ചീനിവിളയിൽ വീടിനോട് ചേർന്ന കൂട് തകർത്ത് പത്ത് വാൻകോഴികളെ നായ്ക്കൾ കൊന്നു. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും
യാതൊരു ഫലവുമുണ്ടായില്ല.

ആക്രമണം പതിവാകുന്നു

റോഡ് സൈഡിലും കടകൾക്കുമുന്നിലും താവളമടിച്ചിട്ടുള്ള നായ്ക്കൾ അപ്രതീക്ഷിതമായി
ആക്രമിക്കുകയാണ് പതിവ്. ഇവ റോഡിൽ ചാടിവീണ് ഇരുചക്രവാഹനയാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കരുവിലാഞ്ചി-മൂങ്ങോട്,ചെറുകോട്-മിണ്ണംകോട്,മൂങ്ങോട്-അന്തിയൂർക്കോണം,ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ് എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യമുണ്ട്.

മാലിന്യ നിക്ഷേപവും

തെരുവുനായ്ക്കൾ താവളമടിക്കുന്നത് പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമായതിനാലാണ്. നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
മഞ്ചാടി,വിയന്നൂർക്കാവ്,ശാന്തുമൂല,ശാന്തുമൂല- ശ്രീനാരായണ ലൈൻ, കരിപ്പൂര്,പാലോട്ടുവിള, മലയിൻകീഴ് താലൂക്ക് ആശുപത്രി, മലയിൻകീഴ് ഊറ്റുപാറ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം,ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ഇവറ്റകളുടെ താവളമാണ്.
ശാന്തി നഗറിൽ സ്ഥിതിചെയ്യുന്ന ആയുർവേദ ആശുപത്രി രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ താവളമായിട്ടുണ്ട്.

ശല്യം രൂക്ഷം

മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ ശല്യമുണ്ട്. മലയിൻകീഴ് ക്ഷേത്രജംഗ്ഷൻ,ഗവ.എൽ.പി.ബി.എസ്, മലയിൻകീഴ് ഊരൂട്ടമ്പലം റോഡ്,പാപ്പനംകോട് റോഡ് എന്നിവിടങ്ങളും വിളപ്പിൽശാല പൊതുമാർക്കറ്റ്,പടവൻകോട്, പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ, പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളും നായ്ക്കളുടെ താവളമായിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.