vld1

വെള്ളറട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പൊലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങൾ കാടുകയറി നശിക്കുന്നു. വെള്ളറടയിലെ ആനപ്പാറയിൽ ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പൊലീസുകാർക്ക് താമസിക്കാനായി മന്ദിരങ്ങൾ പണിതത്. 28 കുടുംബങ്ങൾക്ക് താമസിക്കാനാകുമായിരുന്നു.

താമസിക്കാൻ എസ്.ഐക്ക് ഒറ്റവീടും പൊലീസുകാർക്ക് രണ്ടുകുടുംബങ്ങൾക്ക് ഒരുവീടെന്ന കണക്കിൽ ലക്ഷങ്ങളാണ് ആഭ്യന്തര വകുപ്പ് ചെലവഴിച്ച് നിർമ്മിച്ചത്. രണ്ട് വീടൊഴിച്ച് ബാക്കിയുള്ള വീടുകളിൽ വർഷങ്ങൾ പിന്നിട്ടിട്ടും ആരും താമസിക്കാൻ എത്തിയിരുന്നില്ല. നിർമ്മാണത്തിലെ അപാതകയും സൗകര്യക്കുറവുമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ താമസിക്കാൻ എത്താത്തതിന് കാരണമെന്ന് പറയുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ചോർച്ച രൂപപ്പെട്ടതോടെ വീണ്ടും ലക്ഷങ്ങൾ മുടക്കി നവീകരിച്ചിരുന്നു. ഈ കെട്ടിടങ്ങളുള്ള സ്ഥലം കാടുകയറിയതോടെ കന്നുകാലികളുടെയും തെരുവുനായ്ക്കളുടയും കേന്ദ്രമായി മാറിയിരിക്കുകയാണ്.

എസ്.ഐക്കും സി.ഐക്കും താമസിക്കാൻ ഈ വീടുകൾ അനുയോജ്യമല്ലെന്ന് കണ്ടതോടെ ഏതാനും വർഷം മുമ്പ് സമീപത്തുതന്നെ പുതുതായി ഒരു ഇരുനിലമന്ദിരവും നിർമ്മിച്ചിട്ടുണ്ട്.

ഉപയോഗശൂന്യമായ കെട്ടിടങ്ങൾ

വെള്ളറട, നെടുമങ്ങാട്, റോഡിൽ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപമാണ് രണ്ടേക്കറോളം വരുന്ന സ്ഥലവും ഈ വീടുകളും ഉപയോഗശൂന്യമായി കിടക്കുന്നത്. സമീപത്തുതന്നെ നിരവധി സർക്കാർ ഓഫീസുകൾ സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തതുകാരണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്നും നല്ലൊരു തുക വാടകയായി നൽകുമ്പോഴാണ് ആർക്കും വേണ്ടാതെ രണ്ടേക്കറോളം സ്ഥലത്തെ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നത്.

കാലപ്പഴക്കവും

കാലപ്പഴക്കം ഏറെയായ കെട്ടിടങ്ങൾ കൊണ്ട് ഇനി ഉപയോഗം ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതുമരാമത്ത് വിഭാഗം അധികൃതർ പറയുന്നത്. ഈ കെട്ടിടങ്ങൾ നീക്കംചെയ്ത് മറ്റെന്തെങ്കിലും ഉപയോഗപ്രദമായ രീതിയിൽ നിർമ്മിച്ചാൽ പ്രധാന റോഡ് സൈഡിലെ കാട് മാറിക്കിട്ടുമായിരുന്നു.