book

വാക്കിന്റെ കുതിരപ്പുറത്താണ് അറിവു സഞ്ചരിക്കുന്നത്. ഇഷ്ടവാക്കിൽ സ്രഷ്ടാവും ദുഷ്ടവാക്കിൽ അന്തകനും കുടികൊള്ളുന്നു. ഭാരതീയ ഋഷിവര്യന്മാരും തത്ത്വജ്ഞാനികളും ഈ യാഥാർത്ഥ്യം മനസിലാക്കിയിരുന്നു. ദുഷ്ടവാക്കിനെ പേടിക്കണമെന്ന് ഋഗ്വേദം ഓർമ്മിപ്പിക്കുന്നു. അതു ഇപ്രകാരം: ചൂതുകളിയിൽ ഏർപ്പെട്ട രണ്ടുപേരിൽ ഒരുവൻ കശക്കി കവിടി എറിയുമ്പോൾ മറ്റവൻ ജയിക്കുമോ തോൽക്കുമോ എന്ന് ഭയപ്പെടുന്നതുപോലെ ദുഷ്ടവാക്കിനെ പേടിക്കണം!

ലോക ഹിതത്തിനായും ക്ഷേമത്തിനായും ഇഷ്ടവാക്കോതിയ മഹാഗുരുവാണ് ശ്രീനാരായണഗുരു. എത്ര വ്യാഖ്യാനിച്ചാലും തീരാത്ത ആത്മസാരഖനി. എഴുതിയാലും വറ്റാത്ത സ്നേഹഗീതാ സാഗരം. മൊഴിയുന്തോറും അഴകേറുന്ന കാരുണ്യസ്വരൂപം. അങ്ങനെയുള്ള വിശ്വഗുരുവിനെ ഉറ്റശിഷ്യനായ കുമാരനാശാൻ എങ്ങനെ കണ്ടു, എങ്ങനെ വാക്കിലേക്കും അക്ഷരങ്ങളിലേക്കും ആവാഹിച്ചു എന്ന് വിശദമാക്കുന്ന ഉത്തമ കൃതിയാണ് ശിവഗിരി മഠാധിപതിയും സാഹിത്യകാരനും പ്രഭാഷകനുമായ സച്ചിദാനന്ദ സ്വാമിയുടെ 'കുമാരനാശാൻ കണ്ട ഗുരുദേവൻ."

ലോകത്തെ നൂറിലധികം ഭാഷകളിൽ ഗുരുദേവന്റെ ദൈവദശക പരിഭാഷ വിടർന്ന് സൗരഭ്യം പകരുന്നു. ഓരോ വർഷവും ഗുരുദേവ ചരിതവും ദർശനവും കൃതികളുടെ പഠനവുമായി നൂറുകണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നു. അത് വരുംകാലത്തും തുടരാനാണ് സാദ്ധ്യത. എത്ര പൂത്തുലഞ്ഞാലും താഴ്‌വര പിന്നെയും പൂക്കളെ സ്വപ്നം കാണുന്നു. ആ സൗന്ദര്യവും സുഗന്ധവും ദാഹിക്കുന്നു. അതുപോലെയാണ് ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദാർശനിക തലങ്ങളുള്ള കൃതികളും. ജിജ്ഞാസുക്കൾക്കും സൂക്ഷ്മനിരീക്ഷണ പടുക്കൾക്കും പിന്നെയും പറയാനും എഴുതാനും നിഗൂഢ രത്നശോഭ ഗുരുപാദങ്ങളിൽ ശേഷിക്കുന്നു. ഗുരുദേവ കൃതികളിലൂടെയും ആശാൻ കൃതികളിലൂടെയും ഏകാന്തസഞ്ചാരം നടത്തി നിരന്തര വായനയിലൂടെയും സാധനയിലൂടെയും രചിക്കപ്പെട്ടതാണ് ഈ കൃതി.

നാലു ദിക്കിലും നിന്നു കാണുന്ന ഹിമാലയത്തിന് നാലു മുഖമായിരിക്കും. നാലു ഭാവമായിരിക്കും. ഋഷീശ്വരന്മാർക്കും ആചാര്യന്മാർക്കും അത്തരമൊരു ഔന്നത്യമുണ്ട്. ഗുരുശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരും ഗുരു പരമ്പരയിൽ പെട്ടവരും രചിച്ച കൃതികൾ ഗുരുസവിധത്തിലേക്കുള്ള വഴികാട്ടികൾ തന്നെ. നിർവചനങ്ങൾക്കും പഠനങ്ങൾക്കും വഴങ്ങാത്ത ഗുരുശിഷ്യ ബന്ധമായിരുന്നു കുമാരനാശാനും ഗുരുദേവനും തമ്മിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചിന്നസ്വാമിയായ ആശാൻ കണ്ട ഗുരുവിനെ ലളിതസുന്ദരമായി വർണിക്കാനാണ് സച്ചിദാനന്ദസ്വാമി ശ്രമിച്ചിട്ടുള്ളത്.

കുമാരനാശാൻ കണ്ട ഗുരുദേവനിൽ രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ ഗദ്യമായും പദ്യമായും ആശാൻ ഗുരുദേവനെക്കുറിച്ചെഴുതിയവ. രണ്ടാം ഭാഗത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തിലും വാർഷികങ്ങളിലും സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ, മതപരിവർത്തന രസവാദം, കത്തുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഗുരുദേവനെയും കുമാരനാശാനെയും ഇരുവരുടെയും കൃതികളെയും മനനം ചെയ്ത ഒരു സന്യാസിശ്രേഷ്ഠനേ ഇത്തരമൊരു കൃതി രചിക്കാനാകൂ. താൻ ശേഖരിച്ച ചമതയും കറുകയും ദ്രവ്യങ്ങളും കൊണ്ടാണ് ഒരു പുരോഹിതൻ യാഗമനുഷ്ഠിക്കുന്നത്. അദ്ദേഹത്തിന്റെ മനോധർമ്മവും ഭക്തിയും സിദ്ധിയും അതിന് ഉൽക്കൃഷ്ടത പകരും.

അതുപോലെ,​ ഗുരുദേവനെയും ആശാനെയും സംബന്ധിച്ച ചരിത്രവസ്തുതകളുടെ പിൻബലത്തിൽ ഇരുവരുടെയും കൃതികളിലൂടെയും അക്ഷീണം നീന്തി നൂതനമായ കണ്ടെത്തലുകളുടെ മറുകരയിലെത്തുകയാണ് സച്ചിദാനന്ദ സ്വാമി. വായനക്കാരെ കൂടി ഒപ്പം കൂട്ടാൻ കഴിയുന്ന ആത്മീയകാന്തി കലർന്ന ഭാഷയും ശൈലിയും ഈ ഗ്രന്ഥത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സ്മാരക ഗ്രന്ഥം കൂടിയായ ഇത് ചാലക്കുടി ഗായത്രീ ആശ്രമത്തിന്റെ ഗുരുപ്രണാമം ബുക്സാണ് പ്രസാധനം ചെയ്തിട്ടുള്ളത്.