
വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടിയിൽ ഓണമാഘോഷിക്കുന്നതിനായി പതിനായിരങ്ങൾ ഒഴുകിയെത്തി. തിരുവോണനാളിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. തിരുവോണം,അവിട്ടം,ചതയം ദിനങ്ങളിലായി ഒരുലക്ഷത്തിൽപ്പരം ആളുകൾ എത്തിയതായാണ് കണക്ക്. അപ്പർസാനിറ്റോറിയം മുതൽ കുളച്ചിക്കരവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
പൊൻമുടി കല്ലാർ റൂട്ടിൽ രണ്ടിടത്ത് ബൈക്കപകടം ഉണ്ടാകുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലാർ,പേപ്പാറ,ബോണക്കാട്,ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികൾ എത്തി. പൊൻമുടി അപ്പർസാനിറ്റോറിയവും പരിസരപ്രദേശങ്ങളും വാഹനങ്ങൾ നിറഞ്ഞതോടെ വിതുര - പൊന്മുടി റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വനംവകുപ്പിന് പാസ് ഇനത്തിൽ മൂന്ന് ലക്ഷത്തിൽപ്പരം രൂപവരുമാനം ലഭിച്ചു.
ഇത്തവണയും പൊന്മുടിയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നില്ല. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ പൊന്മുടിയെ തഴയുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച വരെ പൊന്മുടിയിൽ തിരക്ക് തുടരും
വികസനങ്ങൾ ഇല്ലാതെ
എല്ലാ വർഷവും ഓണനാളുകളിൽ ആയിരങ്ങളാണ് പൊന്മുടിയിലെത്തുന്നത്. എന്നാൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ വികസനങ്ങളൊന്നും നടന്നിട്ടില്ല. കഴിഞ്ഞവർഷം ഓണനാളുകളിൽ ഒരുലക്ഷത്തിൽപരം പേരാണ് പൊന്മുടിയിലേക്കെത്തിയത്. ഓണനാളുകളിൽ ഒരാഴ്ചക്കാലം വാഹനപ്പെരുപ്പംമൂലം വിതുര പൊൻമുടി റൂട്ടിൽ ഗതാഗതതടസം നേരിടാറുണ്ട്. ഇത്രയും സഞ്ചാരികൾ എത്തുന്ന പൊന്മുടിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി.
ഹെലിപ്പാഡും റോപ്പ് വേയും
പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചിരുന്നു. പക്ഷേ മാറിവന്ന സർക്കാരുകൾ പ്രഖ്യാപിച്ച ഹെലിപ്പാഡും റോപ്പ് വേയും കടലാസിലുറങ്ങുകയാണ്.
അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലെങ്കിലും അടുത്തിടെ പൊൻമുടി സന്ദർശന ഫീസ് 40 രൂപയിൽ നിന്ന് 80 രൂപയാക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. വാഹനപാർക്കിംഗ് ഫീസും കൂട്ടാൻ തീരുമാനമെടുത്തെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ നടപ്പിലാക്കാനായില്ല.