
ഒരു മാസം സർക്കാർ കനിഞ്ഞില്ലെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയാണിപ്പോൾ. ഇപ്പോഴത്തെ രീതികൾ തുടർന്നാൽ ഈ അവസ്ഥയ്ക്ക് എന്നെങ്കിലും മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. ഇതു ബോദ്ധ്യമാകാത്ത ആരെങ്കിലും സംസ്ഥാനത്തുണ്ടെങ്കിൽ അത് കെ.എസ്.ആർ.ടി.സിയെ നയിക്കുന്നവരും അതിലെ നല്ലൊരു വിഭാഗം ജീവനക്കാരുമാണ്. കോർപ്പറേഷനോ ജനങ്ങൾക്കോ ഉപകാരപ്പെടാത്ത പരിഷ്കാര നടപടികൾ അടിക്കടി കൊണ്ടുവരുന്നതൊഴിച്ചാൽ സ്ഥാപനത്തെ ഇപ്പോഴത്തെ ദുരവസ്ഥയിൽ നിന്ന് കരകയറ്റാനുതകുന്ന നടപടികൾ ഉണ്ടാകാറില്ല. ലോകമൊട്ടാകെ ഗതാഗത മേഖല വൈദ്യുതി വാഹനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ആ വഴിക്ക് ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത പതിറ്റാണ്ടോടെ ഡീസൽ വാഹനങ്ങൾ പൂർണമായും നിരത്ത് ഒഴിയണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ നിർദ്ദേശം.
ഇതു സാദ്ധ്യമായാലും ഇല്ലെങ്കിലും വൈദ്യുതി വാഹനങ്ങളുടെ ഉത്‌പാദനം ഗണ്യമായി വർദ്ധിക്കുന്നുണ്ട്. വൻ നഗരങ്ങളിൽ പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾ ഏതാണ്ട് പൂർണമായും വൈദ്യുതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതി ഇതിന് നല്ലതോതിൽ സഹായകവുമാണ്. വാഹന മലിനീകരണം സൃഷ്ടിക്കുന്ന കഷ്ടപ്പാടിന് പരിഹാരമെന്ന നിലയിൽക്കൂടിയാണ് ഇ - ബസുകളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ എന്തുകൊണ്ടെന്നറിയില്ല, കേരളം പ്രായേണ ഈ നൂതന ആശയത്തോട് മുഖംതിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ കേന്ദ്രം അനുവദിച്ച ഇ - ബസുകളുടെ ഒരു ഭാഗം മാത്രമേ സംസ്ഥാനം ഏറ്റെടുത്തുള്ളൂ. അവ തന്നെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുമില്ല. നഗര റൂട്ടുകളിൽ നിന്ന് ഇ - ബസുകൾ പതിയെ പിൻവലിക്കാൻ പോലും ശ്രമമുണ്ടായി. പുതുതായി ഗതാഗത മന്ത്രിയായി അധികാരമേറ്റയാൾക്ക് ഇ - വാഹനങ്ങളോട് അത്ര പ്രതിപത്തിയില്ലത്രെ!
ഇപ്പോൾ കേന്ദ്ര സർക്കാർ 38,000 ഇ - ബസുകൾ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളും കൂടുതൽ വിഹിതം സ്വന്തമാക്കാൻ മത്സരിക്കുമ്പോൾ കേരളം ഇതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. നേരത്തെയുള്ള പദ്ധതിക്കു കീഴിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 950 ബസുകൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നഷ്ടപ്പെടുത്തിയിരുന്നു. പുതിയ പദ്ധതി പ്രകാരം ആയിരം ബസുകൾ ലഭിക്കാവുന്നതേയുള്ളൂ. അതിനായി അദ്ധ്വാനിക്കണമെന്നു മാത്രം. അടുത്ത അഞ്ചുവർഷത്തിനിടെ 38,000 ഇലക്ട്രിക് ബസുകൾ വാങ്ങി സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് നൽകാനുള്ള പദ്ധതിയാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. ന്യായമായും ആയിരം ബസുകളെങ്കിലും സംസ്ഥാനത്തിനു ലഭിക്കേണ്ടതാണ്. പുതിയ വാഹനങ്ങൾ വാങ്ങാൻ പണമില്ലാതെ ഉഴലുന്ന കെ.എസ്.ആർ.ടി.സിക്ക് ഊർജ്ജം നൽകാനാവുന്ന ഒരവസരമാണ് കെടുകാര്യസ്ഥതകൊണ്ട് നഷ്ടമാകുന്നതെന്ന് ഓർക്കണം.
സംസ്ഥാനത്തെ പത്തു നഗരങ്ങൾക്ക് പ്രയോജനപ്പെടേണ്ടിയിരുന്ന ഇ - ബസുകളാണിവ. ഡ്രൈവറും മെയിന്റനൻസും അടക്കമുള്ള കാര്യങ്ങൾ ബസ് സപ്ളൈ ചെയ്യുന്ന സ്വകാര്യ കമ്പനി വഹിക്കുമെന്നതിനാൽ ആയിനത്തിലും കെ.എസ്.ആർ.ടി.സിയുടെ ഭാരം കുറയും. കിലോമീറ്ററിന് 54 രൂപ നിരക്കിലാണ് ബസ് നൽകുന്നത്. ഇതിൽ 22 രൂപ കേന്ദ്രം വഹിക്കും. ശേഷിക്കുന്നത് സംസ്ഥാനം വഹിക്കണമെന്നാണ് നിബന്ധന. കണ്ടക്ടറുടെ ശമ്പളം മാത്രം നോക്കിയാൽ മതി. ചാർജിംഗിനുള്ള പണവും കണ്ടെത്തേണ്ടിവരും.
തലകുത്തി നിന്നിട്ടും പ്രതിദിന കളക്‌ഷൻ എട്ടുകോടി രൂപയായെങ്കിലും ഉയർത്താൻ കഴിയാതെ വിഷമിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ഒറ്റയടിക്ക് ഇത്രയും ഇ - ബസുകൾ ലഭിച്ചാൽ വലിയ വരുമാന സാദ്ധ്യതയാണുണ്ടാവുക. കെ.എസ്.ആർ.ടി.സിക്കും ലക്ഷക്കണക്കിന് യാത്രക്കാർക്കും അനുഗ്രഹമാകേണ്ട ഒരു പദ്ധതി വേണ്ടെന്നുവച്ച് എന്തിനും ഏതിനും സർക്കാരിനെത്തന്നെ ആശ്രയിക്കാനുള്ള മനോഭാവം മാറുകതന്നെ വേണം.