cd

തിരുവനന്തപുരം: കേരളത്തിലെ പട്ടിണിയുടെ ശബ്ദം കേട്ടത് പത്രാധിപർ കെ.സുകുമാരനായിരുന്നുവെന്ന് മുൻമന്ത്രി സി.ദിവാകരൻ. പത്രാധിപർ കെ.സുകുമാരന്റെ 43-ാം ചരമവാർഷികത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ പാവപ്പെട്ട കയർ, കശുവണ്ടി, നെയ്ത്ത്,ഓട്,ബീഡി തൊഴിലാളികളാണ്. കൂലിയും തൊഴിലുമില്ലാതെ പട്ടിണിയിലായ ഈ തൊഴിലാളികളുടെ ശബ്ദം കേൾക്കാൻ പത്രാധിപർ തയ്യാറായി. തന്റെ ജീവിതത്തിലുടനീളം പത്രാധിപർ ഈ വിഭാഗത്തിന് വേണ്ടി തന്റെ തൂലിക വിനിയോഗിച്ചു. കേരളകൗമുദിയുടെയും ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അടിത്തറ ഈ തൊഴിലാളികളാണ്. അവർ ഇന്ന് എവിടെയാണ്. പുനഃസംഘടനയെന്ന പേരുപറഞ്ഞ് ഇവരെയെല്ലാം ഒതുക്കി. ഈ തൊഴിൽമേഖലകളെല്ലാം ഇന്ന് നിശ്ചലമായി. ഇവരെല്ലാം കൂടിചേരുമ്പോഴാണ് കേരളത്തിന്റെ സൗന്ദര്യം വർദ്ധിക്കുന്നത്.

എല്ലാ പത്രങ്ങളും ഇക്കൂട്ടരെ അവഗണിച്ചിരുന്നപ്പോഴാണ് കേരളകൗമുദി മെല്ലെ ഇവർക്കിടയിലൂടെ നടന്നത്. വായിക്കാനറിയാത്ത തൊഴിലാളികൾ കേരളകൗമുദി വാങ്ങി കുട്ടികളെകൊണ്ട് വായിച്ച് കേൾക്കുന്നത് താൻ കണ്ടിട്ടുണ്ട്. അത്ര വൈകാരികമായ ബന്ധമാണത്. പത്രാധിപർ കേരളകൗമുദിക്കു വേണ്ടി ജനിച്ച് കേരളകൗമുദിയിൽ വളർന്ന് കേരളകൗമുദി മുറ്റത്ത് മരിച്ചു. കേരളകൗമുദിയിൽ എപ്പോഴും പത്രാധിപരുടെ സാന്നിദ്ധ്യമുണ്ട്. അദ്ദേഹത്തിന്റെ മൂല്യങ്ങൾ ഇനിയും കേരളകൗമുദി ഉയർത്തിപ്പിടിക്കണം.

'കേരളത്തിന്റെ രാഷ്ട്രീയം

ഇങ്ങനെ പോയാൽ മതിയോ?'

പാവപ്പെട്ട തൊഴിലാളികളാണ് ഇന്നലത്തെ കേരളവും രാഷ്ട്രീയവും. ഇന്ന് ആഘോഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയവും അവരാണ്. കേരളത്തിന്റെ രാഷ്ട്രീയം ഇങ്ങനെ പോയാൽ മതിയോയെന്ന് ചിന്തിക്കണം. മുഖ്യമന്ത്രിക്ക് തുല്യമായ അധികാരമുള്ള പ്രതിപക്ഷനേതാവിന്റെ സാന്നിദ്ധ്യത്തിൽ നിയമസഭയിൽ നടക്കുന്ന ചർച്ചകൾ കേരളത്തിന്റെ താത്പര്യങ്ങളാണോ? വികസനവും തൊഴിലില്ലായ്മയും പട്ടിണിയും അതിക്രമങ്ങളുമാണോ ചർച്ചചെയ്യുന്നത്. സമൂഹത്തിൽ കൂടുതൽ ആരോഗ്യകരമായ ഇടപെടൽ നടത്താൻ നിയമസഭയെ സജ്ജമാക്കണം. അതിന് പ്രതിപക്ഷ നേതാവ് പങ്ക് നിർവഹിക്കണം. ഇതുപോലുള്ള അസന്നിഗ്ദ്ധാവസ്ഥയിൽ പത്രാധിപർ നടത്തിയ ഇടപെടൽ കേരളകൗമുദി തുടരണമെന്നും ദിവാകരൻ പറഞ്ഞു.