
തിരുവനന്തപുരം: കടമുറികൾ വാടകയ്ക്ക് എടുക്കാൻ ആളില്ലാത്തതിനാൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഭവന നിർമ്മാണ ബോർഡിന്(ഹൗസിംഗ് ബോർഡ്) പ്രതിവർഷം നഷ്ടമാകുന്നത് കോടികൾ.സാമ്പത്തിക ബുദ്ധിമുട്ട് കാരണം നട്ടം തിരിയുന്ന ഹൗസിംഗ് ബോർഡിനെ ഇത് വീണ്ടും നഷ്ടത്തിലാക്കുകയാണ്. 2022ൽ നഗരത്തിന്റെ ഹൃദയഭാഗമായ പട്ടത്ത് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്ത വ്യാപാര സമുച്ചയമാണ് ഹൗസിംഗ് ബോർഡിന്റെ ഏറ്റവും പുതിയ കെട്ടിടം. പട്ടത്തു നിന്ന് മെഡിക്കൽ കോളേജിലേക്ക് തിരിയുന്നിടത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ പകുതിയും മൂന്നാമത്തെ നില പൂർണമായും ഉപയോഗിക്കുന്നില്ല.
ചതുരശ്രയടിക്ക് 100 രൂപയാണ് വാടക.രണ്ടാംനിലയിലും മൂന്നാംനിലയിലും രണ്ട് യൂണിറ്റുകളുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങൾ ഏകദേശം 3000 ചതുരശ്രയടിയുണ്ട്. ഇവിടെനിന്ന് വാടകയിനത്തിൽ മാത്രം പ്രതിമാസം മൂന്നുലക്ഷത്തിലേറെ രൂപ ലഭിച്ചേനെ. എന്നാൽ ഉദ്ഘാടനത്തിനിപ്പുറം ഇവ വെളിച്ചം കണ്ടിട്ടില്ല. നെടുമങ്ങാട് റവന്യൂ ടവറിൽ 29 കടമുറികളാണ് വെറുതെ കിടക്കുന്നത്. താഴത്തെ നിലയിലെ 155 ചതുരശ്രയടിയുള്ള ഒരു കടമുറിക്ക് മാത്രം 50,000 രൂപയ്ക്ക് മുകളിൽ പ്രതിമാസവാടക ലഭിച്ചേനെ.ബാലരാമപുരത്തും പി.ടി.പി നഗറിലും കടകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്.ജില്ലയിൽ ആകെ ഓഫീസുകൾ ഉൾപ്പെടെ 45ലേറെ മുറികളാണ് അടഞ്ഞുകിടക്കുന്നത്.
ആർക്കുവേണം
കടമുറികൾ ലേലത്തിനെടുക്കാൻ ആവശ്യക്കാർ വരാത്തതിനാലാണ് ഇവ ഉപയോഗിക്കാനാവാത്തതെന്ന് അധികൃതർ പറയുന്നു.പരസ്യം കൊടുക്കുന്നതുകണ്ടാണ് ആളുകളെത്തുന്നത്. എന്നാൽ ഇത് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ചുരുക്കം പത്രങ്ങൾക്ക് മാത്രമാണ് പരസ്യം നൽകുന്നത്. കെട്ടിടങ്ങളുടെ മുന്നിൽ മുറികൾ വാടകയ്ക്ക് ഉണ്ടെന്ന ബാനറോ അറിയിപ്പോ നൽകിയിട്ടില്ല. സംസ്ഥാനത്താകെ നിലവിൽ 1.4 കോടിയാണ് ഹൗസിംഗ് ബോർഡ് കെട്ടിടങ്ങളുടെ വാടക ഇനത്തിൽ വകുപ്പിന് ലഭിക്കുന്നത്. 24ന് ഉള്ളൂരിൽ പുതിയ കെട്ടിടത്തിന്റെ ലേലനടപടികൾ ആരംഭിക്കും. പട്ടത്ത് പ്രതിമാസവാടക അധികമെന്നാരോപിച്ചാണ് ആവശ്യക്കാർ എത്താത്തത്.