mla

തിരുവനന്തപുരം: കുളത്തൂർ പ്രസംഗം നടത്തുമ്പോൾ തന്നെ വിമോചന സമരത്തിനെതിരെ പടപൊരുതിയ ഏക പ്രസിദ്ധീകരണം കേരളകൗമുദിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. പത്രാധിപർ കെ.സുകുമാരന്റെ 43-ാം ചരമവാർഷികത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമോചന സമരകാലത്ത് കേരളകൗമുദിയുടെ മുഖപ്രസംഗങ്ങൾ സമരക്കാർക്ക് എതിരായിരുന്നു. സമരം തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്താൻ കേരളകൗമുദിക്ക് സാധിച്ചു. ശരിയായ വസ്തുത സാധാരണക്കാരന്റെ പക്ഷംചേർന്നു പറയാൻ പത്രാധിപർ കെ.സുകുമാരന് കഴിഞ്ഞു.

വിമോചന സമരത്തെ ഹൈജാക്ക് ചെയ്ത് ഈ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ ജാതി,മത സംഘടനകൾക്ക് വലിയൊരു പങ്കുണ്ട്. അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ആർ.ശങ്കർ കെ.പി.സി.സി പ്രസിഡന്റാകുമ്പോഴാണ്. നേതൃത്വപരമായ പങ്കുവഹിക്കാൻ കോൺഗ്രസ് തയ്യാറായതും അതിനുശേഷമാണ്.

വിമോചനസമരത്തിന്റെ കാരണം അന്നെടുത്ത രണ്ട് നിയമങ്ങളാണ്. പിൽക്കാലത്ത് കാർഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലും കേരളത്തെ കേരളമാക്കി മാറ്റാൻ ഉപകരിച്ചു. ലോകത്തിന് മുന്നിൽ മിടുക്കൻമാരായി. വിമോചനസമരം സർക്കാരിനെ താഴെ ഇറക്കിയെങ്കിലും അന്ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ രണ്ട് നിയമങ്ങളും കേരളത്തിന് ഗുണകരമായി.

അധഃസ്ഥിതരുടെയും പിന്നാക്കക്കാരുടെയും ജീവിതപ്രയാസങ്ങളും ദുരിതങ്ങളും നേരിട്ട് മനസിലാക്കിയ സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു. വിവേകാനന്ദൻ പറയുന്നതിനുമുമ്പേ അധഃസ്ഥിതരും പിന്നാക്കക്കാരും അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള പരിശ്രമം കേരളത്തിൽ ആരംഭിച്ചു. അതിന് തുടക്കംകുറിച്ചത് ശ്രീനാരായണ ഗുരുദേവനായിരുന്നു. 1888ൽ അരുവിപ്പുറത്തു നിന്ന് കോലാഹലങ്ങളില്ലാതെ ചാതുർവർണ്യത്തിന്റെ വേരറുക്കുകയായിരുന്നു ഗുരുദേവൻ. അയ്യങ്കാളിയും വില്ലുവണ്ടിയാത്രയിലൂടെ വലിയ പുറപ്പാട് നടത്തി. അവിടെ നിന്നാണ് 1911മുതൽ കേരളകൗമുദിയുടെ പ്രസക്തമായ ഇടപെടലുണ്ടാകുന്നത്. ഇതോടെ കേരളത്തിലെ പിന്നാക്കക്കാർക്ക് ശബ്ദിക്കാനുള്ള നാവായി അതുമാറി.

അല്പം കൂടുതൽ ചോദിച്ചാൽ

എന്താണ് തെറ്റ് ?

കോർപറേറ്റുകൾ എന്തിന് മാദ്ധ്യമസ്ഥാപനങ്ങൾ വാങ്ങുന്നുവെന്ന് ചിന്തിക്കണം. ഒരു വാർത്ത വിട്ടാൽ, അത് ശരിയോ തെറ്റോയെന്നത് പിന്നീടാണ് പരിശോധിക്കുന്നത്. ആദ്യം ജനം അത് വിശ്വസിക്കും. ഒരു പ്രകൃതി ദുരന്തമുണ്ടായി. അതിൽ കുറേ നഷ്ടമുണ്ടായി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർ കണക്ക് തയ്യാറാക്കി. നൽകുന്ന കണക്കിന് മുഴുവൻ അംഗീകാരം ലഭിക്കുകയോ ആവശ്യപ്പെടുന്ന പണമെല്ലാം കേന്ദ്രത്തിൽ നിന്ന് ലഭിക്കുകയോ ചെയ്യില്ല. ഇത്തരമൊരു സാഹചര്യത്തിൽ അല്പം കൂടുതൽ ചോദിച്ചാൽ എന്താണ് തെറ്റ്? കേന്ദ്രസർക്കാർ പണം തരികയാണെങ്കിൽ കൃത്യമായ കണക്ക് നൽകിയാൽ പോരെയെന്നും ജോയി ചോദിച്ചു.