
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ 18വരെ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമനിർമ്മാണത്തിനായാണ് പ്രധാനമായും സഭ ചേരുന്നത്. 8 ബില്ലുകൾ പരിഗണിക്കും.
നാലുവർഷ ബിരുദ കോഴ്സുകൾക്കായുള്ള സർവകലാശാലാ നിയമഭേദഗതി, വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഡൊമസ്റ്റിക് വർക്കേഴ്സ് ബിൽ, വയോജന കമ്മിഷൻ ബിൽ, വ്യവസായം തുടങ്ങൽ എളുപ്പത്തിലാക്കാനുള്ള ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ഭേദഗതി തുടങ്ങിയവ പരിഗണനയ്ക്ക് വരും. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ച് നാലിന് സഭ പിരിഞ്ഞേക്കും. ദുരന്തവുമായി ബന്ധപ്പെട്ട ചർച്ച വേണോയെന്നതിൽ കാര്യോപദേശക സമിതി അന്തിമ തീരുമാനമെടുക്കും.16ന് സമ്മേളനം അവസാനിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
. എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ ഭരണപക്ഷ എം.എൽ.എ പി.വി. അൻവറിന്റെ വെളിപ്പെടുത്തലുകൾ, ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച, എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് അടക്കം സഭാതലത്തെ പ്രക്ഷുബ്ദ്ധമാക്കാൻ വിവാദ വിഷയങ്ങൾ ഏറെയാണ്. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സഭാ സമ്മേളനത്തിനിടെ സർക്കാരിന് നൽകിയാൽ അത് സഭയിൽ വയ്ക്കേണ്ടി വന്നേക്കാം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം നേടിയെടുക്കാൻ പെരുപ്പിച്ച കണക്കുകൾ നൽകിയതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനിടയുണ്ട്.