
നേമം: പ്രതിഷേധങ്ങൾക്കൊടുവിൽ വെള്ളായണി - ശിവോദയം - കിരീടം പാലം റോഡ് നവീകരണത്തിന് തുടക്കമായി.വെള്ളായണി ക്ഷേത്രത്തിന് മുന്നിലൂടെ ശിവോദയം ക്ഷേത്രം വഴി കിരീടം പാലം വരെ നീളുന്ന 1,100 മീറ്റർ റോഡ് നിർമ്മാണം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഇക്കഴിഞ്ഞ 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടിയുമായി എം.എൽ.എ രംഗത്തെത്തിയത്. അതേസമയം റോഡുപണി പൂർണമായും ചെയ്യണമെങ്കിൽ ഒരു കോടി രൂപ ആവശ്യമാണെന്നും എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 30 ലക്ഷം രൂപയ്ക്ക് റോഡിന്റെ മൂന്നിലൊന്ന് ദൂരം പോലും ചെയ്യാനാകില്ലെന്നും ആരോപിച്ച് എസ്.എൻ.ഡി.പി വെള്ളായണി ശാഖ പ്രവർത്തകരും ശിവോദയം ക്ഷേത്രം ഭാരവാഹികളും കിരീടം പാലം റസി.അസോസിയേഷൻ ഭാരവാഹികളും തടിച്ചുകൂടി റോഡുപണി തടഞ്ഞ് പ്രതിഷേധിച്ചു.
ഇപ്പോൾ പണി ചെയ്യാനുദ്ദേശിക്കുന്ന 400 മീറ്റർ കഴിഞ്ഞുള്ള ശിവോദയം ക്ഷേത്രം മുതൽ കിരീടം പാലം വരെയാണ് വലിയ കുഴികൾ ഏറെയുള്ളതെന്നും അതുവരെ റോഡുപണി ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ ശിവോദയം ക്ഷേത്രത്തിന് മുന്നിലെ രണ്ട് വലിയ കുഴികൾ ക്വാറി വേസ്റ്റിട്ട് മൂടി ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ശഠിച്ചു.തുടർന്ന് അധികൃതർ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഫണ്ട് അപര്യാപ്തമായതിനാൽ തത്കാലം വെള്ളായണി വാർഡ് അംഗം ആതിരയുടെ തനത് ഫണ്ടിലുള്ള പത്തു ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി റോഡിലെ കുഴികളടച്ച് കഴിയുന്നത്ര ദൂരം ഇന്റർലോക്കിട്ട് റോഡ് പണി ചെയ്യാനാണ് നീക്കം.