തിരുവനന്തപുരം: കോവളം ബീച്ചിലെ അപകടത്തിൽ 2015 ജൂലായ് 18ന് മരിച്ച 5 യുവാക്കളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതെ സർക്കാർ. 2017ലെ ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നൽകണം.അപകടത്തിൽ മരിച്ച അഖിൽ പി.വിജയന്റെ അമ്മ മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയ്നിൽ പ്രസന്നകുമാരിയുടെ പരാതിയിലാണ് ഉത്തരവ്. പരാതിയിൽ റവന്യൂ,ടൂറിസം സെക്രട്ടറിമാർ,ഡി.ജി.പി,ജില്ലാ കളക്ടർ എന്നിവരിൽ നിന്ന് തത്‌സ്ഥിതി റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്ന് ടൂറിസം സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ജില്ലാ കളക്ടർ ആറാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.