
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെ നിർമ്മാണ പ്രവത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. അത്യാഹിത വിഭാഗത്തിന്റെയും ഒ.പിബ്ലോക്ക് ക്രമീകരിക്കേണ്ട കെട്ടിടത്തിന്റെയും ഒരുനില നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തതാണ് നിർമ്മാണം വൈകാൻ കാരണം. എന്നാൽ പൂർത്തിയായഭാഗം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. പ്രസവവാർഡ് നിർമ്മാണത്തിന് തറക്കല്ലിട്ടത് 2020 സെപ്തംബർ 15നാണ്. ഇപ്പോഴും തറയൊരുക്കൽ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. ഒ.പി ബ്ലോക്കിനോട് ചേർന്നാണ് പ്രസവവാർഡ് നിർമ്മിക്കുന്നത്. അത്യാഹിതവിഭാഗവും ഒ.പി ബ്ലോക്കും ഉൾപ്പെടെ ആസൂത്രണം ചെയ്തിട്ടുള്ള കെട്ടിടങ്ങളുടെ നിർമ്മാണം തുടങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞു. തുടർവികസനത്തിന് ഫണ്ടനുവദിക്കാത്തതിന്റെ കാരണമെന്തെന്ന് ആർക്കും വ്യക്തമല്ല. അത്യാഹിത വിഭാഗത്തിനായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ് ഇവിടെ ട്രോമാകെയർ വിഭാഗം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായില്ല. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, മുദാക്കൽ, കിഴുവിലം, കരവാരം, മംഗലപുരം പഞ്ചായത്തുകളിലെ ജനങ്ങളിൽ ഭൂരിഭാഗം പേരുടെയും ആശ്രയകേന്ദ്രമാണ് വലിയകുന്ന് താലൂക്ക് ആശുപത്രി.
നിർമ്മാണം ഇങ്ങനെ
നാലുനില കെട്ടിടത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കിഫ്ബിയിൽ നിന്നാണ് നിർമ്മാണത്തിനുള്ള തുക വകയിരുത്തിയത്. 5500 ചതുരശ്രയടി വിസ്തൃതിയിൽ ഭൂനിരപ്പിലുളള നില മാത്രം ഇതിനോടകം നിർമ്മിച്ചു. നിർമ്മാണം പൂർത്തിയായ ഭാഗത്ത് ഇലക്ട്രിക്, പ്ലംബിംഗ്, പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ഈ കെട്ടിടം തുറക്കാൻ കഴിഞ്ഞാൽ അത്യാഹിതവിഭാഗം, ലാബ്, എക്സറേ എന്നീ യൂണിറ്റുകൾ ഇവിടേക്ക് മാറ്റാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അത്യാഹിതവിഭാഗത്തിന് മുകളിലായി മൂന്ന് നിലകളിലാണ് ഒ.പി ബ്ലോക്ക് സജ്ജമാക്കുക. ഇതിനായി 6 കോടിയുടെ പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും തുടർനടപടികളുണ്ടായില്ല.
സൗകര്യമില്ലാതെ അത്യാഹിതവിഭാഗം
24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ദിവസവും ആയിരത്തഞ്ഞൂറോളം പേർ ചികിത്സതേടിയെത്തുന്നുണ്ട്. ആശുപത്രിയിലെ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ഭാഗത്ത് ആവശ്യത്തിന് സൗകര്യങ്ങളില്ല. ആളുകൾക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാണ് അത്യാഹിതവിഭാഗം. ഒ.പിയിൽ ചികിത്സതേടിയെത്തുന്നവർക്കുള്ള കുത്തിവയ്പ് മുറിയും മരുന്ന് വച്ചുകെട്ടൽ മുറിയും ഇവിടെത്തന്നെ പ്രവർത്തിക്കുന്നു, അതിനാൽ പരിശോധനകളും ചികിത്സയുമെല്ലാം ഈ ആൾത്തിരക്കിനിടയിൽ നടത്തണം.
ഡോക്ടറുടെ അഭാവം
ഡോക്ടർമാരുടെ അഭാവം മൂലം രോഗികളും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രാത്രി അടിയന്തര വൈദ്യസഹായം തേടി ആശുപത്രിയിൽ വരുന്ന രോഗികളെ പരിശോധിക്കാൻ ക്യാഷ്വാലിറ്റിയടക്കം ഡ്യൂട്ടിയിൽ ഉണ്ടാവുന്നത് ഒരു ഡോക്ടറാണ്. അത്യാഹിത വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ സേവനമെങ്കിലും ആവശ്യമാണ്.