കുളത്തൂർ: ദേശീയപാത 66ൽ കഴക്കൂട്ടം മുതൽ ലുലുമാൾ വരെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മിനി അണ്ടർപാസ് നിർമ്മിക്കണമെന്ന് നാട്ടുകാർ.ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ കുഴിവിള വരെയുള്ള ഭാഗത്ത് എവിടെയെങ്കിലും മിനി അണ്ടർപാസ് നിർമ്മിക്കണമെന്നാണ് ആവശ്യം.
ദേശീയപാതയുടെ നിർമ്മാണത്തിന്റെ ആരംഭഘട്ടത്തിൽ ഈ ഭാഗത്തെ ഗതാഗതപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദഗ്ദ്ധരും നാട്ടുകാരും അണ്ടർപാസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.എന്നാൽ തുടക്കത്തിൽത്തന്നെ നിഷേധാത്മക നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
കുളത്തൂർ ഗുരുനഗറിൽ വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് അണ്ടർപാസ്.പഴയ ആക്കുളം ബൈപ്പാസ് ദേശീയപാത 66 ആയി വികസിപ്പിക്കുന്നതിന് മുൻപേ കുളത്തൂർ ഗുരുനഗർ നിവാസികൾ സഞ്ചാര സ്വാതന്ത്യ്രമാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി രംഗത്തെത്തിയിരുന്നു. പതിനായിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇൻഫോസിസ്,ഗുരുനഗർ ഭാഗത്ത് പടിഞ്ഞാറുവശത്ത് റെയിൽപാതയും കിഴക്കുവശത്ത് ദേശീയപാതയും വന്നതോടെ ജനങ്ങൾ യാത്രാസൗകര്യമില്ലാതെ കുടുങ്ങിയ അവസ്ഥയിലായി. ഓരോ ആവശ്യത്തിനും ജനങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കണം.റോഡ് മുറിച്ചുകടക്കുമ്പോൾ നിരവധി ജീവനുകളാണ് ദേശീയപാതയിൽ പൊലിഞ്ഞത്.
നഷ്ടമായത് 217 പേർ
വേണ്ടത്ര സാമൂഹികപഠനങ്ങൾ നടത്താതെയുള്ള ദേശീയപാത വികസനം നൂറുക്കണക്കിന് ജീവനുകളാണ് ഇല്ലാതാക്കിയത്.ആക്കുളം ബൈപ്പാസ് നിലവിൽ വന്നത് മുതൽ ഇതുവരെ ടെക്നോപാർക്ക് മുതൽ ആക്കുളം പാലം വരെ റോഡ് ആക്സിഡറ്റിൽ മരിച്ചത് 217 പേരാണ്.
ഗുരുനഗറിൽ മാത്രം കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടന്ന വീട്ടമ്മ ഉൾപ്പെടെ ഇതുവരെ 217 ജീവനുകളാണ് നഷ്ടമായത്.
വിദ്യാർത്ഥികളും ദുരിതത്തിൽ
റോഡിന് അപ്പുറത്തുള്ള കുളത്തൂർ കോലത്തുകര ഗവ.സ്കൂളിലേക്ക് എത്താൻ സാധിക്കാതെ നൂറുക്കണക്കിന് വിദ്യാർത്ഥികൾ സ്കൂൾ മാറിപ്പോയി.ജനങ്ങൾക്ക് നടന്നുപോകാനും ആംബുലൻസ് ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനും ഒരു മിനി അണ്ടർപാസ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അനിശ്ചിതകാല സമരം
ദേശീയപാതയുടെ ഇരുഭാഗത്തെയും ജനങ്ങൾക്ക് സഞ്ചരിക്കാൻ മിനി അണ്ടർപാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ടീയകക്ഷികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. ഇന്ന് വൈകിട്ട് 4ന് ടി.എസ്.സി ആശുപത്രിക്കു സമീപം നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.എ.വാഹിദ്,ഡി.പ്രേംരാജ്,മേടയിൽ വിക്രമൻ,ആലുവിള അജിത്,ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും കെ.പി.എം.എസ്,എൻ.എസ്.എസ് തുടങ്ങിയ സംഘടനാ പ്രതിനിധികളും അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകുമെന്ന് പ്രതിഷേധ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.