ശംഖുംമുഖം: കടലെടുത്തിട്ട് തിരികെത്തന്ന ജീവിതത്തിന് ദൈവത്തോട് നന്ദി പറയുമ്പോഴും അനുജനെപ്പോലെ കണ്ട ശ്രീഹരിയുടെ വേർപാടിന്റെ വേദന ശ്രീകുട്ടിയുടെ കണ്ണുകളിൽ നിറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പനത്തുറ പൊഴിക്കരയിൽ കടലിന്റെ കയങ്ങളിലേക്ക് മുങ്ങിത്താണുപോയ ഇടയാർ സ്വദേശിയും പ്ളസ്ടു വിദ്യാർത്ഥിയുമായ ശ്രീക്കുട്ടിയുടെ ജീവൻ മത്സ്യത്തൊഴിലാളികൾ മുങ്ങിയെടുത്ത് കരയ്ക്ക് എത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ബന്ധുക്കൾക്കും അയൽവാസികൾക്കും ഒപ്പം ശ്രീക്കുട്ടി വീടിന് അടുത്തുള്ള പൊഴിക്കരയുടെ ഭംഗി ആസ്വദിക്കാനെത്തിയത്. ഒപ്പമുണ്ടായിരുന്ന പത്താംക്ളാസുകാരൻ പൊഴിയിലേക്ക് വീഴുന്നത് കണ്ട ശ്രീകുട്ടി ഇവനെ കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാൽവഴുതി പൊഴിയുടെ കയങ്ങളിൽ വീണു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ ശ്രീകുട്ടിയെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചു. അടിയന്തര ചികിത്സ നൽകിയതിനാൽ ശ്രീക്കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടി. ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കൾ വളരെ പതിയെയാണ് ശ്രീഹരിയുടെ മരണവിവരം ശ്രീകുട്ടിയെ

അറിയിച്ചത്. അവസാനമായി അവനെ ഒരുനോക്ക് കാണണമെന്നുണ്ടായിരുന്നെങ്കിലും ആശുപത്രി കിടക്കയിലായതിനാൽ അതിനും കഴിഞ്ഞില്ല.

മത്സ്യത്തൊഴിലാളിയായ അജിയും സുഹൃത്തുക്കളുമാണ് ശ്രീകുട്ടിയുടെ ജീവൻ രക്ഷിച്ചത്.ആഴമുള്ള ഇവിടെ വിനോദസഞ്ചാരത്തിനെത്തുന്നവർ ഇറങ്ങുന്നത് ശ്രദ്ധയോടെ വേണമെന്ന് ഇവർ പറയുന്നു.