ശംഖുംമുഖം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൊഴിക്കരകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജല വിനോദ യാത്രകളിലും അപകടങ്ങൾ പതിയിരിക്കുന്നു. വേളി, പൂവാർ എന്നിവിടങ്ങളിലും അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതറിയാതെയാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. വിനോദസഞ്ചാരത്തിനെത്തിയ നിരവധി ജീവനുകൾ ഈ പൊഴിക്കരകളിൽ പലതവണയായി പൊലിഞ്ഞിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊഴിക്കരകൾ ലക്ഷ്യമാക്കി സഞ്ചാരികളുമായി കുതിക്കുന്ന ബോട്ടുകളിലധികവും ഉൾനാടൻ ജലയാന നിയമവും തുറമുഖ വകുപ്പ് നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സർവീസ് തുടരുന്നത്. പലതവണ പൊലീസ് ഇത്തരം ബോട്ടുകളെ പിടികൂടി നടപടികൾ സ്വീകരിച്ചെങ്കിലും വീണ്ടും പഴയപടിയായി. കോവളത്ത് മത്സ്യബന്ധന യാനങ്ങളെയാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. ജലദുരന്തങ്ങൾ തടയാൻ സർക്കാർ തയ്യാറാക്കിയ ഇൻലാൻഡ് വെസൽസ് റൂൾസ് ജില്ലയിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജലയാത്രയ്ക്കിടയിലെ അപകടങ്ങൾ കുറയ്ക്കാൻ കർശന നിർദ്ദേശങ്ങൾ നിലവിലുണ്ട്. യാത്രക്കാർക്കെല്ലാം ലൈഫ്‌ബോയ് ഉണ്ടാക്കിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവിൽ നാല് ലൈഫ് ബോയ്കളുമായാണ് വലിയ യാനങ്ങളുടെ ജലയാത്ര. അപകടങ്ങളിൽപ്പെടുന്ന യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ തേർഡ് പാർട്ടി ഇൻഷ്വറൻസ്, ജലയാത്രികരുടെയും ഉടമസ്ഥരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉപദേശകസമിതി രൂപവത്കരണം എന്നിവ നിയമത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കാറില്ല.