തിരുവനന്തപുരം: മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന നൂറിലേറെ മേഖലകളിലെ തൊഴിലാളികളുടെ വേതനം പുതുക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കും. ഇതിനായി കുടുംബ ബഡ്ജറ്റ് സർവേ നടത്താൻ മന്ത്രിസഭാ യോഗം അനുമതി നൽകി.

ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര, പാർപ്പിടം തുടങ്ങിയ ചെലവുകളെ അടിസ്ഥാനമാക്കിയാകും ഉപഭോക്തൃ വില സൂചിക തയ്യാറാക്കുക. 2023-24 അടിസ്ഥാന വർഷമാക്കി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് സർവേ. ഇത് ഒന്നര വർഷം നീളും.

സർവേയ്ക്ക് ആവശ്യമായ ചോദ്യങ്ങൾ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കും. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ 10 വർഷം കൂടുമ്പോഴാണ് മിനിമം വേതനം പുതുക്കാൻ സർവേ നടത്തുന്നത്. ഏറ്റവുമൊടുവിൽ നടത്തിയത് 2011-12ൽ. കൊവിഡ് കാരണമാണ് ഇക്കുറി നീണ്ടത്. 2011-12ൽ 85 മേഖലകളിലെ മിനിമം വേതനം പുതുക്കിയിരുന്നു.

ഏകോപനത്തിന് കമ്മിറ്റി

സർവേ ഏകോപനത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും

തൊഴിൽ, ഭക്ഷ്യ- സിവിൽ സപ്ലൈസ്, ആരോഗ്യ, വിദ്യാഭ്യാസ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകൾ ഇതിലുൾപ്പെടും

സർവേയ്ക്കായി ഡപ്യൂട്ടി ഡയറക്ടർ-1, റിസർച്ച് അസിസ്റ്റന്റ്-1, എൽ.ഡി കമ്പയിലർ/എൽ.ഡി ടൈപ്പിസ്റ്റ്-2 തസ്തികകൾ 18 മാസത്തേക്ക് സൃഷ്ടിക്കും. പുനർവിന്യാസം വഴി നിയമനം നടത്തും

പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും ഒന്നര വർഷത്തേയ്ക്ക് നിയമിക്കും