വിഴിഞ്ഞം: എൻജിൻ തകരാറിലായി കടലിലകപ്പെട്ട 4 മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗം എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. വിഴിഞ്ഞം മതിപ്പുറം സ്വദേശികളായ അഷ്റഫ് (60),ഹുസൈൻ(65),അബ്ദുള്ള (63),അബുസലീം(40) എന്നിവരെയാണ് രക്ഷിച്ചത്.ഇന്നലെ പുലർച്ചെ 1.15 നായിരുന്നു അപകടം.എൻജിൻ കേടായി വള്ളം ഒഴുകി നടക്കുന്നതായുള്ള വിവരം കോസ്റ്റൽ പൊലീസിന് ലഭിച്ചതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗവുമായി ചേർന്ന് മറൈൻ ആംബുലൻസ് പ്രതീക്ഷയിൽ നടത്തിയ തിരച്ചിലിൽ 3.15ഓടെ പൊഴിയൂർ കൊല്ലങ്കോട് ഭാഗത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.തുടർന്ന് വള്ളവും തൊഴിലാളികളെയും കരയിലെത്തിച്ചു.

സി.പി.ഒ ജോസ്,ബിപിൻരാജ്,രതീഷ്,രഞ്ചിത്ത്,കോസ്റ്റൽ വാർഡന്മാരായ വാഹീദ്,സുനിത്ത്,മറൈൻ എൻഫോഴ്സ്‌മെന്റ് സി.പി.ഒ ടിജു,ലൈഫ് ഗാർഡുമാരായ ബനാൻസ്,എസ്.ജോണി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.