a

'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ' എന്നൊരു ചൊല്ലുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതുപോലെയാണ്. നാടിനും നാട്ടുകാർക്കുമൊക്കെ ഗുണകരമായിട്ടെന്തെങ്കിലും ചെയ്യാമെന്ന് കരുതിയാൽ ചില ക്ഷുദ്രജീവികൾ ഉടനെത്തും കുറ്റവും കുറവും ആക്ഷേപവുമായി. തലചായ്ക്കാൻ സ്വന്തമായി കൂരയില്ലാത്തവരെ സഹായിക്കാൻ ഒരു ലൈഫ് പദ്ധതി പ്രഖ്യാപിച്ചു. സാധാരണക്കാർക്കായി എത്രയോ വീടുകൾ ഈ പദ്ധതിയിൽ പൂർത്തിയായി. എന്നിട്ടും പറഞ്ഞതൊന്നും ചെയ്തില്ലെന്ന മട്ടിലാണ് ചിലർ കുപ്രചരണങ്ങളുമായി ഇറങ്ങിയിട്ടുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓഖി വന്നു,​ നിപ്പ വന്നു,​ മഹാപ്രളയം വന്നു. ഈ ദുസ്ഥിതികളിലെല്ലാം പാറപോലെ ഉറച്ചു നിന്നാണ് പിണറായി മുഖ്യൻ ജനങ്ങളെ സേവിച്ചത്. ഇതിനെല്ലാം ശേഷം അന്തവും കുന്തവുമില്ലാതെ ഇന്ത്യയിൽ തന്നെ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി,​ അവിടെയും പിണറായി പതറിയില്ല. ഇപ്പോൾ ഏറ്റവും ഒടുവിലായി തീർത്തും അപ്രതീക്ഷിതമായിട്ടാണ് വയനാട് മുണ്ടക്കെെ ചൂരൽമല മേഖലകളെ തകർത്തെറിഞ്ഞ ദുരന്തമുണ്ടായത്. അടിമുടി സംസ്ഥാനത്തെ കുലുക്കിയ ദുരന്തം. സർക്കാർ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിച്ചു. ജനങ്ങൾക്ക് വേണ്ടി ആവുന്നത്ര രക്ഷാപ്രവർത്തനങ്ങൾ നടത്തിയെന്ന് മാത്രമല്ല,​ ദുരന്തമുഖത്ത് അകപ്പെട്ട ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം പകരാനും കഴിഞ്ഞു. എന്നിട്ടും സർക്കാർ ഇപ്പോൾ ഇളിഭ്യാവസ്ഥയിലാണ്.

കണക്കിലെ പൊല്ലാപ്പ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിലെ കണക്കുകളാണ് സർക്കാരിന് വലിയ തലവേദനയായിട്ടുള്ളത്.

പുറത്തുവന്ന ഈ കണക്കുകൾ വാസ്തവ വിരുദ്ധമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. പക്ഷെ തൊട്ടു പിന്നാലെ ഇടതുപക്ഷത്തെ തന്നെ ഉത്തരവാദിത്വപ്പെട്ട ചിലർ നടത്തിയ പ്രസ്താവനയാവട്ടെ മുഖം മിനുക്കി നിന്ന മുഖ്യന്റെ നേർക്ക് ചെളി തെറിപ്പിക്കും പോലെയായി.

വീടുകൾ പൂർണമായി തകർന്നതിന്റെയും ഭാഗികമായി തകർന്നതിന്റെയും കണക്കുണ്ട്. റോഡുകൾ തകർന്നതിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചെലവും കൃത്യമായി ചേർത്തിട്ടുണ്ട്. രക്ഷാ പ്രവർത്തകർക്കുള്ള ഭക്ഷണം,​ കാണാതായവർക്കായുള്ള തെരച്ചിലിന് വിവിധ യന്ത്രസമാഗ്രികൾ കൊണ്ടു വന്ന കണക്ക്,​ കൃഷി നഷ്ടം,​ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള സാമ്പത്തിക സഹായം,​ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സാമ്പത്തിക സഹായം തുടങ്ങി പലവിധ പട്ടികകളിലാണ് ചെലവും നഷ്ടവുമൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത്. അതെല്ലാം മനസിലാക്കാനുമാവും. പക്ഷെ ഉദ്യോഗസ്ഥ പ്രമാണിമാർ ഒരുവിധ അടിസ്ഥാനവുമില്ലാതെ തട്ടിക്കൂട്ടിയ മറ്രു ചില കണക്കുകളാണ് മൂക്കത്ത് വിരൽ വയ്പ്പിക്കുന്നത്. ദുരന്തത്തിൽ നഷ്ടമായ കൊട്ട,​ വട്ടി,​ ചട്ടി,​ വസ്ത്രങ്ങൾ,​ പലവ്യഞ്ജനങ്ങൾ, ചിരട്ട, തൊണ്ട് തുടങ്ങി ലക്കും ലഗാനുമില്ലാതെ എന്തൊക്കെയോ കുത്തിക്കുറിച്ചെന്നാണ് ചിലരുടെ (ദോഷൈക ദൃക്കുകളെന്ന് വിശേഷണം) കുറ്റപ്പെടുത്തൽ. ദുരന്ത സ്ഥലത്തേക്ക് വസ്ത്രങ്ങൾ ഇനി എത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് പറഞ്ഞത്. സുമനസുകൾ അതെല്ലാം സംഭാവനയായി നൽകിയെന്ന വിശദീകരണവും നൽകിയിരുന്നു. എന്നിട്ടും എഴുതി ചേർത്തു വസ്ത്രത്തിന് 11 കോടി.

കേന്ദ്രത്തിന്റെ മൗനം

കേന്ദ്രത്തിൽ നിന്ന് ചോദിച്ചിട്ട് ഇതുവരെ കാര്യമായി ഒന്നും കിട്ടിയില്ലെന്നും ഇത്തരമൊരു പരിതാപകരമായ അവസ്ഥയിൽ ഇത്തിരി കൂട്ടിച്ചോദിച്ചാലേ കുറച്ചെങ്കിലും കിട്ടുകയുള്ളു എന്നുമുള്ള ന്യായമാണ് ഭരണപക്ഷത്തെ ചിലർ തന്നെ നിരത്തിയത്. അപ്പറഞ്ഞതിൽ ചെറിയ വാസ്തവമുണ്ടെങ്കിലും ആടിനെ കെട്ടാൻ വേണ്ടി ആനക്കൊട്ടിൽ പണിയേണ്ട കാര്യമുണ്ടോ. ചോദിക്കുന്നതിനും പറയുന്നതിനുമൊക്കെ ഒരു ലോജിക്ക് വേണ്ടേ. ഏതായാലും കണക്ക് പുറത്തുവന്നതോടെ ആകെ അങ്കലാപ്പിലായി. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് തന്നെ വിശദീകരണവുമായി ഇറങ്ങേണ്ടി വന്നു.

സർക്കാർ ചെലവാക്കിയ തുക എന്ന പേരിൽ പുറത്തു വരുന്ന കണക്കുകൾ അവാസ്തവമാണെന്ന് സംശയത്തിനിടയില്ലാത്ത വിധം മുഖ്യമന്ത്രി വിശദമാക്കി. പ്രതീക്ഷിക്കുന്നതും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം വിശദമാക്കി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിലെ കണക്കുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും ചെലവായ തുകയെന്ന പേരിൽ അതിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. രക്ഷാപ്രവർത്തനവും പുനരധിവാസവുമടക്കമുള്ള കാര്യങ്ങൾ കൂടി മുന്നിൽ കണ്ടാണ് ഈ കണക്കുകൾ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദമാക്കി.

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചരണങ്ങളെന്നും വിശദീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്. കാരണം ഇത്തരം ഒരു സന്ദർഭത്തിൽ കാടടച്ച് കുറ്റപ്പെടുത്തുകയല്ല, കിട്ടാവുന്നതിന്റെ പരമാവധി നേടിയെടുക്കുകയാണ് വേണ്ടത്. അതിന് ഒന്നിച്ചുള്ള ശബ്ദം ഉയരണം,​ കാരണം കരയുന്ന കുഞ്ഞിനേ പാലുള്ളു. കണ്ണിൻ മുന്നിൽ കൃത്യമായി ദുരന്തത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തോട് കുറച്ചു കൂടി കരുണാപരമായ നിലപാട് എടുക്കേണ്ടതായിരുന്നു എന്നതിലും രണ്ട് പക്ഷമില്ല. എങ്കിലും ചില കാര്യങ്ങളിൽ സംസ്ഥാനം സ്വീകരിക്കേണ്ട ജാഗ്രതാപരമായ നിലപാട് കണക്കുകളുടെ കാര്യത്തിൽ സ്വീകരിച്ചോ എന്നതും ചിന്തനീയമാണ്.

ഇതു കൂടി കേൾക്കണേ

ഇത്രയും ഗൗരവതരമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന രേഖകൾ വെറും കണക്കെഴുത്തുകൾ മാത്രമാവാതിരിക്കാനുള്ള കൃത്യമായ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വേണം കാട്ടാൻ. അല്ലാത്ത പക്ഷം സർക്കാരാവും അതിന്റെ പഴിയും കേൾക്കേണ്ടി വരിക.