v

തിരുവനന്തപുരം: ജനവാസ മേഖലകളെ ഒഴിവാക്കി,​ വനമേഖലയിൽ മാത്രം കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ)​ വിജ്ഞാപനം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ പുതിയ കരട് നിർദ്ദേശങ്ങൾ കേന്ദ്ര വനം,​ പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇ.എസ്.എ വില്ലേജുകളുടെ എണ്ണം 123ൽ നിന്ന് 131 ആക്കി കേന്ദ്രം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.

കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരം കേരളത്തിലെ 13,​108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനം നിയോഗിച്ച ഉമ്മൻ.വി.ഉമ്മൻ സമിതി സ്ഥലപരിശോധന അടക്കമുള്ളവ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 9993.7 ചതുരശ്ര കിലോമീറ്ററായി (9107 ച.കി.മി വനപ്രദേശവും 886.7 ച.കി.മി വനേതര പ്രദേശവും)​ ചുരുക്കിയിരുന്നു.

2014മുതലുള്ള കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ,​ കഴിഞ്ഞ ജൂലായ് 31ന് പ്രസിദ്ധീകരിച്ച കരടിൽ 123 വില്ലേജുകൾക്കു പകരം 131 എന്നാണ് രേഖപ്പെടുത്തിയത്.

98 വില്ലേജുകളിലായി

8711.98 ച.കി. മീറ്റർ

ജനവാസ മേഖലകളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി 98 വില്ലേജുകളിലായി 8711.98 ച.കി.മീറ്റർ പ്രദേശമാണ് ഇ.എസ്.എയായി വിജ്ഞാപനം ചെയ്യുന്നതിനായി കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്

പുതുക്കിയ കരട് നിർദ്ദേശം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ പഞ്ചായത്തുകൾ നി‌ർദ്ദേശിച്ച ഭേദഗതികൾ പരിശോധിച്ച് തിരുത്തൽ വരുത്തിയ രേഖകളാണ് കൈമാറിയത്