തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ മനുഷ്യനന്മ പകരാനാണ് ഖുറാൻ പഠിപ്പിക്കുന്നതെന്നും വിദ്യാഭ്യാസത്തെ എതിർക്കുന്നവർ അപമാനിതരാകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിനാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഹോട്ടൽ അപ്പോളോ ഡിമോറോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുറാനിൽ ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വേർതിരിവില്ല. കടമ നിർവഹിച്ചാൽ അവകാശങ്ങൾ ലഭിക്കും. അജ്ഞതയെ അകറ്റി അറിവിന്റെ പ്രകാശം പകരാനാണ് പ്രവാചകൻ ശ്രമിച്ചത്. ശരിയും തെറ്റും തിരിച്ചറിയാൻ മാത്രമല്ല അവയുടെ വിവിധ മാനങ്ങൾ മനസിലാക്കാനും ജ്ഞാനം വേണം. സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല. മറ്റൊരാളെ അളക്കുന്നത് ദൈവത്തിന്റെ മാത്രം അധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരു വിഭാഗത്തോട് അധികാരികൾ കാട്ടുന്ന വേർതിരിവ് അപലപനീയമാണെന്നും സമൂഹത്തിൽ വേർതിരിവുകളുണ്ടാകാൻ പാടില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹോദര്യത്തിന്റെ പാഠം ലോകത്തിന് പകർന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അൽമുഖ്താദിർ ജുവലറി ചെയർമാൻ ഡോ.മുഹമ്മദ് മൻസൂർ അബ്ദുൾ സലാം, ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലാ ബോർഡ് അംഗം അബ്ദുൾ ഷുക്കൂർ അൽഖാസിമി, എം.എ.സിറാജുദ്ദീൻ, കേരള സ്റ്റേറ്റ് മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തുടങ്ങിയവർ പങ്കെടുത്തു.