തിരുവനന്തപുരം: വഞ്ചിയൂർ മേഖലയിൽ ദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ യോഗം ഇന്ന് ചേരും.വാർഡ് കൗൺസിലർ ഗായത്രി ബാബുവിന്റെ ഓഫീസിൽ വൈകിട്ട് 5നാണ് യോഗം.വഞ്ചിയൂർ കമ്മട്ടം ലെയ്‌നിലും ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷനിലും പുളിമൂട് ജി.പി.ഒയുടെ പിറകുവശത്തുമുള്ള ഉയർന്ന പ്രദേശങ്ങളിലെ ജലവിതരണ തടസത്തെക്കുറിച്ച് ചർച്ച ചെയ്യും.
അതേസമയം, വെള്ളയമ്പലം മാനവീയം വീഥിയിലും ഫോറസ്റ്റ് ലെയ്‌നിലും ആകാശവാണിക്ക് മുന്നിലുമുള്ള ഇന്റർകണക്ഷൻ ജോലി പൂർത്തിയാക്കാൻ ഇതുവരെ നടപടിയായിട്ടില്ല.തൃക്കണ്ണാപുരം വാർഡിൽ ആറാമട പാർക്ക് ജംഗ്ഷൻ മുതൽ താഴോട്ടുള്ള ഭാഗത്തുള്ള കുടിവെള്ള തടസത്തിനും പരിഹാരമുണ്ടായിട്ടില്ല.ഓണാവധിക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്.