
ശംഖുംമുഖം: തീരത്ത് ഫുഡ്ബാൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി തിരമാലകളിൽപ്പെട്ട് മുങ്ങി മരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെർമിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡിൽ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് അപകടം. എനോഷും കൂട്ടുകാരുമായി ജൂസാ റോഡ് ഭാഗത്തെ കടൽത്തീരത്ത് ഫുട്‌ബാൾ കളിക്കുന്നതിനിടെ തിരമാലകളിൽപ്പെട്ട ബാൾ എടുക്കാൻ ശ്രമിക്കവെ എനോഷ് തിരമാലകളിൽപ്പെടുകയായിരുന്നു. തിരമാലകളുടെ ശക്തിയിൽ തീരത്തെ കടൽ ഭിത്തിയിലേക്ക് വന്നടിച്ച എനോഷിനെ ഒപ്പമുണ്ടായിരുന്ന കുട്ടികൾ കരയ്ക്കടുപ്പിക്കുകയും അതുവഴി ബൈക്കുമായി പോയ സുജിയോട് ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ശംഖുംമുഖത്തെ നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വലിയതുറ പൊലീസും സ്ഥലത്തെത്തി. തുടർനടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വഞ്ചിയൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എനോഷ്. ഇവാഞ്ചൽ, നയോമി എന്നിവർ സഹോദരിമാരാണ്.