
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ആലുവിള വാർഡിൽ മാടൻകോവിൽ റോഡ് (എം.സി സ്ട്രീറ്റ്) നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ടാറിളകി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ദേശീയപാതയിൽ നിന്നു തുടങ്ങുന്ന റോഡിന്റെ 600 മീറ്ററോളം പൂർണമായി ക്ഷയിച്ചിട്ടുണ്ട്. സൈക്കിൾ പോലും കൊണ്ടുവരാൻ കഴിയാത്തവിധം കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് നിലവിലെ ബ്ലോക്ക് മെമ്പർ ആർ.എസ്.വസന്തകുമാരി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ് ആറ് ലക്ഷം രൂപ അനുവദിച്ച് റോഡ് ടാറിട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി റോഡ് പൂർണമായും തകർന്നനിലയിലാണ്.
പ്രാധാന റോഡ്
നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വ്യാപാരഭവൻ, സി.പി.എം നേമം ഏരിയാകമ്മിറ്റി ഓഫീസ്, കെ.എസ്.ഇ.ബി കാര്യാലയം എന്നിവയും ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വാഹനവും കടന്നുവരാൻ കഴിയാത്തവിധം റോഡ് തകർന്നതിനാൽ വ്യാപാരികളും പ്രതിഷേധത്തിലാണ്.
റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരമാവണം
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് ബാലരാമപുരത്ത് ഗംഭീര വരവേൽപ്പ് നൽകുന്നതും മാടൻകോവിൽ റോഡിലാണ്. നവരാത്രി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാടൻകോവിൽ റോഡിന്റെ പുനരുദ്ധാരണം വൈകുന്നതിനെതിരെ നവരാത്രി ആഘോഷക്കമ്മിറ്റിയും പ്രതിഷേധത്തിലാണ്. നിരവധി പൊതുപരിപാടികളും സാംസ്കാരികസദസും നേമം സി.പി.എം പാർട്ടി കാര്യാലയത്തിൽ നടക്കുന്നുണ്ട്. റോഡ് എത്രയുംവേഗം നവീകരിക്കണമെന്നാണ് പാർട്ടി നേതാക്കളും ആവശ്യപ്പെടുന്നത്.