
വക്കം: നിലയ്ക്കാമുക്ക് പണയിൽ കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. റോഡുപണി പുനഃരാരംഭിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ വേഗത്തിലാക്കുന്നതിനായി പ്രദേശവാസികളും വ്യാപാരികളും വാഹനയാത്രക്കാരും ബസ് ഉടമകളും ജീവനക്കാരും വാർഡുമെമ്പർമാരും സന്നദ്ധപ്രവർത്തകരും ചേർന്ന് വക്കം ജനകീയ പൗരസമിതി ബഹുജന കൂട്ടായ്മ രൂപീകരിച്ചു. സ്ഥലം എം.എൽ.എയുടേയും വക്കം പഞ്ചായത്ത് ഭരണസമിതിയുടേയും നിലപാടുകൾക്കെതിരെയാണ് വക്കം ജനകീയ പൗരസമിതി ബഹുജന കൂട്ടായ്മ രൂപീകരിച്ചത്. വക്കം പുത്തൻനടക്ഷേത്രം എസ്.എൻ.വി ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് വക്കം പഞ്ചായത്തിൽ സമാപിച്ചു. ശാശ്വത പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുമെന്ന് ബഹുജന കൂട്ടായ്മയിൽ തീരുമാനമായി. നിലയ്ക്കാമുക്ക് പണയിൽ കടവ് റോഡിൽ കാൽനടപോലും ദുഷ്കരമായിട്ട് മൂന്നുവർഷം പിന്നിടുന്നു. റോഡ് നിർമ്മാണമാരംഭിച്ച് മെറ്റൽ നിരത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ജല അതോറിട്ടി പൈപ്പുകൾ സ്ഥാപിക്കാൻ രംഗത്തെത്തിയതോടെ റോഡ് നിർമ്മാണം താത്കാലികമായി നിറുത്തുകയായിരുന്നു. വീണ്ടും റോഡിനിരുവശവും വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും മണ്ണിട്ട് നികത്തിയില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് ഈ കുഴിയിൽപ്പെട്ട് ഗതാഗതം തടസപ്പെട്ടിരുന്നു. സമീപപ്രദേശങ്ങളിൽ കുടിവെള്ള വിതരണവും തടസപ്പെട്ടിരിക്കുകയാണ്.