pager

സമാനതകളില്ലാത്ത ആക്രമണമാണ് പേജർ സ്ഫോടനത്തിലൂടെ ലബനനിൽ നടന്നത്. തുടർച്ചയായ രണ്ടാം ദിവസവും വോക്കിടോക്കി സ്ഫോടനത്തിലൂടെ സ്ഫോടന പരമ്പര തുടർന്നു. ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹിസ്‌ബുള്ളയെ തകർക്കാനാണ് ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് ഈ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ലോകചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊരു സ്ഫോടന പരമ്പര നടന്നിട്ടില്ല. ലബനീസ് ജനത ആകെ ഭയപ്പാടിലാണ്. വീട്ടിലെ ഫ്രിഡ്‌ജ്, ടിവി, മിക‌്‌സി തുടങ്ങിയ ഏത് ഇലക്ട്രോണിക് ഉപകരണവും ഏതു സമയവും പൊട്ടിത്തെറിച്ചേക്കാം എന്ന ഭയത്തിലാണവർ കഴിയുന്നത്. ഹമാസിന്റെ ഭീകരർ എവിടെപ്പോയൊളിച്ചാലും അവിടെയെത്തി ഇല്ലാതാക്കുമെന്ന് ഗാസ യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നെങ്കിലും തീവ്രവാദ സംഘടനകൾ ഇത്തരമൊരു ആക്രമണം സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.

പേജർ സ്ഫോടന പരമ്പരയിൽ 12 പേർ മരണമടയുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് ഹിസ്‌ബുള്ള പ്രവർത്തകരുടെ വോക്കിടോക്കികൾ പൊട്ടിത്തെറിച്ചത്. വോക്കിടോക്കി സ്ഫോടനത്തിൽ 34 പേരോളം മരണമടഞ്ഞതായാണ് അറിയുന്നത്. സംഭവങ്ങൾക്കു പിന്നിൽ മൊസാദാണെന്ന് ഹിസ്‌ബുള്ള ആരോപിച്ചിട്ടുണ്ട്. ആണെന്നും അല്ലെന്നും ഇസ്രയേൽ പറഞ്ഞിട്ടില്ല. ഇത്രയും അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ സ്ഫോടനം ആസൂത്രണം ചെയ്യാൻ മൊസാദിനല്ലാതെ മറ്റൊരു ചാരസംഘടനയ്ക്കും കഴിയില്ലെന്നത് ലോകത്തിനു മുഴുവൻ ബോദ്ധ്യമുള്ള കാര്യമാണ്. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പേജർ സ്ഫോടനങ്ങൾ ഉണ്ടായത്. ഗാസ യുദ്ധം അടുത്തിടെയൊന്നും അവസാനിക്കാൻ പോകുന്നില്ല എന്ന വ്യക്തമായ സന്ദേശം കൂടിയാണ് പേജർ സ്ഫോടനങ്ങൾ പകരുന്നത്.

പേജർ സ്ഫോടനങ്ങൾക്ക് തിരിച്ചടിയായി ലബനൻ അതിർത്തിയിലുള്ള ഇസ്രയേൽ സൈനിക ബാരക്കുകൾക്കു നേരെ ഹിസ്‌ബുള്ള റോക്കറ്റാക്രമണം നടത്തുകയുണ്ടായി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗാസയിലെ ഹമാസുമായോ ലബനനിലെ ഹിസ്‌ബുള്ളയുമായോ വെടിനിറുത്തലിന് ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നാണ് നയതന്ത്രജ്ഞർ വിലയിരുത്തുന്നത്.

ഇസ്രയേൽ ഹാക്ക് ചെയ്യാൻ സാദ്ധ്യതയുള്ളതുകൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ള അംഗങ്ങളോട് മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് പേജറുകൾ വാങ്ങി അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു. എന്നാൽ ഇതു നിർമ്മിച്ചത് ഹംഗറിയിലെ മറ്റൊരു കമ്പനിയിലാണ്. ഈ കമ്പനിയെ സ്വാധീനിച്ച മൊസാദ്,​ പേജറുകൾക്കുള്ളിൽ മൂന്ന് ഗ്രാം വീതം സ്ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്!

ഇസ്രയേലിനെ എതിർക്കുന്ന,​ ലോകത്തെമ്പാടുമുള്ള ഭീകര സംഘടനകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ സ്ഫോടന പരമ്പരകൾക്കുള്ളത്. ആളപായമല്ല മുഖ്യലക്ഷ്യമെന്ന് അനുമാനിക്കാം. ഇതുപോലെ മൊസാദ് ലോകത്ത് ഏതെല്ലാം ഉപകരണങ്ങളിലൂടെ ഇത് എത്തിച്ചിട്ടുണ്ടെന്ന് ആർക്കും ഊഹിക്കാനാവില്ല. ഭരണാധികാരികൾ ഇരിക്കുന്ന കസേരകൾ വരെ അവരുടെ നിയന്ത്രണത്തിലാണോ എന്നും സംശയിക്കപ്പെടാം. എന്തായാലും ഈ അസാധാരണ സ്ഫോടന പരമ്പര മദ്ധ്യപൂർവ മേഖലയെ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സമാധാനകാംക്ഷികളായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും മറ്റും ഇടപെട്ട് ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ വൈകിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ ലോക ജനത മുഴുവൻ അനുഭവിക്കേണ്ടിവരും.