
വിതുര: പൊന്മുടിയിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവലിച്ചു. പ്രവേശനഫീസ് 40 രൂപയിൽ നിന്ന് 80 ആയി ഉയർത്താനാണ് ജൂലായിൽ ചേർന്ന ഫോറസ്റ്റ് ഡെവലപ്മെന്റിന്റെ ഏജൻസി യോഗത്തിൽ തീരുമാനിച്ചിരുന്നത്. പാർക്കിംഗ് ഫീസും തെന്മല, മീൻമുട്ടി എന്നിവിടങ്ങളിലെ പ്രവേശന നിരക്കും വർദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വനംവകുപ്പ് പ്രതിസന്ധിയിലായി. നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മന്ത്രിമാരായ മുഹമ്മദ് റിയാസിനും എ.കെ.ശശീന്ദ്രനും നിവേദനം നൽകിയിരുന്നു. നിരക്ക് ഇരട്ടിയാക്കാനുള്ള ഉത്തരവ് വനംവകുപ്പ് ഇന്നലെ പുറത്തിറക്കിയിരുന്നു.
ഡി.വൈ.എഫ്.ഐ സമരം ഫലം കണ്ടു. മുന്നറിയിപ്പില്ലാതെ വനംവകുപ്പ് ഇന്നലെ മുതൽ പ്രവേശനഫീസ് 80 രൂപയാക്കി ഉയർത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റ് രാവിലെ 7.30 മുതൽ ഉച്ചവരെ ഉപരോധിച്ചു. സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം എസ്.സഞ്ജയൻ, സി.പി.എം വിതുര ലോക്കൽകമ്മിറ്റി അംഗങ്ങളായ ആർ.സജയൻ,എ.വി.അരുൺ,ഡി.വൈ.എഫ്.ഐ വിതുര മേഖലാസെക്രട്ടറി അജിത് ജോയ്,പ്രസിഡന്റ് ഷാഫി,വിഷ്ണു,ശ്യാം എന്നിവർ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിലിടപെട്ട് നിരക്ക് വർദ്ധിപ്പിക്കാനുള്ള ഉത്തരവ് പിൻവലിപ്പിക്കുകയായിരുന്നു.
പൊൻമുടിയിൽ ജനസാഗരം
പൊൻമുടിയിൽ ഇന്നലെയും സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. നിരക്ക് വർദ്ധന പിൻവലിച്ചതറിഞ്ഞ് പൊൻമുടിയിൽ വിജയാഘോഷം നടത്തിയശേഷമാണ് സഞ്ചാരികൾ മടങ്ങിയത്.