
ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് പണയിൽക്കടവ് റോഡിന്റെ നിർമ്മാണം അനിശ്ചിതമായി മുടങ്ങിയതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ഒ.എസ്.അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പി.ഡബ്ല്യു.ഡി അസി. എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു. 4.35കോടിരൂപ ചെലവഴിച്ചാണ് നാലര കിലോമീറ്റർ ദൈർഘ്യമുള്ള നിലയ്ക്കാമുക്ക്-പണയിൽക്കടവ് റോഡിന്റെ നവീകരണം ആരംഭിച്ചത്.ശേഷം വാട്ടർ അതോറിട്ടി റോഡിന്റെ ഒരു ഭാഗം കുഴിച്ച് പൈപ്പിടാൻ തുടങ്ങി. ടാറിംഗ് നിശ്ചയിച്ചതിന് നാല് ദിവസം മുമ്പ് കുഴിയെടുത്തത് തെറ്റായ ദിശയിലാണെന്ന് കണ്ടെത്തി മറുവശത്ത് കുഴിയെടുക്കാൻ നടപടി ആരംഭിച്ചതോടെ കരാറുകാരൻ റോഡ് പണി നിറുത്തിവയ്പ്പിക്കുകയായിരുന്നു.
പണികൾ പൂർണമായും തടസപ്പെട്ടു
റോഡുപണി നിറുത്തിയപ്പോൾ വക്കത്തെ ഒരു സംഘടന റോഡ് നിർമ്മാണത്തിലെ അഴിമതിയും മുടക്കവും സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയിരുന്നു. അതോടെ റോഡിന്റെയും വാട്ടർ അതോറിട്ടിയുടെയും പണികൾ പൂർണമായും തടസപ്പെട്ടു.
ടെൻഡർ നടപടികൾക്കു ശേഷമാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. 23ന് മുമ്പ് റോഡുപണി ആരംഭിച്ചില്ലെങ്കിൽ സ്വകാര്യ, സ്കൂൾ ബസുകൾ സർവ്വീസ് നിറുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഉച്ചയോടെ ആറ്റിങ്ങൽ അസി. എക്സിക്യൂട്ടിവ് എൻജിനിയർ എം.എസ്.അരവിന്ദുമായി നടത്തിയ ചർച്ചയിൽ ബന്ധപ്പെട്ടവരുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് സമരം പിൻവലിച്ചത്.
പണികൾ പുനരാരംഭിക്കും
നിലയ്ക്കാമുക്ക് പണയിൽക്കടവ് റോഡിന്റെ പണികൾ ശനിയാഴ്ച പുനരാരംഭിക്കും. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക വിളിച്ചുചേർത്ത യോഗത്തിലാണ് പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,എക്സിക്യൂട്ടീവ് എൻജിനിയർ രാജ് മോഹൻ തമ്പി,അസി.എക്സിക്യൂട്ടീവ് എൻജിനിയർ അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.