
ഒരു രാജ്യം, ഒരൊറ്ര തിരഞ്ഞെടുപ്പ് എന്ന ആശയം മോദി സർക്കാർ മുന്നോട്ടുവയ്ക്കുന്നത് ഇതാദ്യമല്ല. അവരുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായി ഇത് നേരത്തേ തന്നെ പൊതുമണ്ഡലത്തിലുണ്ട്. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അയ്യഞ്ചു വർഷം കൂടുമ്പോൾ ഒരേസമയം തിരഞ്ഞെടുപ്പു നടത്താനായാൽ തിരഞ്ഞെടുപ്പു ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതൊരു നവീനാശയമൊന്നുമല്ല താനും. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം അങ്ങനെ നടന്ന ചരിത്രമുണ്ട്. പിന്നീട് നിയമസഭകളിൽ പലതും കാലാവധി പൂർത്തിയാക്കാനാകാതെ ഇടയ്ക്ക് പിരിച്ചുവിടേണ്ടിവരികയോ, രാജിവച്ചൊഴിയാൻ നിർബന്ധിതമാവുകയോ ചെയ്ത ഘട്ടങ്ങൾ വന്നപ്പോഴാണ് തിരഞ്ഞെടുപ്പു പ്രക്രിയ താളം തെറ്റാൻ തുടങ്ങിയത്. വന്നുവന്ന് ഇപ്പോൾ എല്ലാ വർഷവും എവിടെയെങ്കിലുമൊക്കെ തിരഞ്ഞെടുപ്പ് പതിവു സംഭവമായി മാറുകയും ചെയ്തു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പഠിച്ച് ശുപാർശ സമർപ്പിക്കാനായി കേന്ദ്രം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ഇതിന് അനുകൂലമായി ശുപാർശ സമർപ്പിച്ചിട്ട് മൂന്നു മാസത്തിലധികമായി. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഒറ്റ തിരഞ്ഞെടുപ്പ് നിർദ്ദേശം വീണ്ടും ചൂടേറിയ വാദകോലാഹലങ്ങൾക്ക് നിമിത്തമായിത്തീർന്നിരിക്കുകയാണ്. ഇതിനുള്ള ബിൽ നവംബറിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാൽ കേവല ഭൂരിപക്ഷം മാത്രമുള്ള മോദി സർക്കാരിനു മുമ്പിൽ ബിൽ വലിയ കടമ്പയായി ശേഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പതിനാറു ഭരണഘടനാ ഭേദഗതി ആവശ്യമായ വ്യവസ്ഥകൾ ബിൽ ഉൾക്കൊള്ളുന്നതാണ് പ്രധാന തടസം. ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി സാദ്ധ്യമാവൂ. അങ്ങനെ വരുമ്പോൾ ലോക്‌സഭയിൽ 362 പേരുടെയും, രാജ്യസഭയിൽ 156 പേരുടെയും പിന്തുണ ഉറപ്പാക്കാനായാലേ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാവുകയുള്ളൂ.
പ്രതിപക്ഷ കക്ഷികളെ ഒറ്റ തിരഞ്ഞെടുപ്പിന്റെ ഗുണഗണങ്ങൾ ബോദ്ധ്യപ്പെടുത്തി പിന്തുണ ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. മന്ത്രിസഭ പുതിയ നീക്കത്തിന് അംഗീകാരം നൽകിയപ്പോൾത്തന്നെ പ്രതിപക്ഷ കക്ഷികൾ രൂക്ഷമായ എതിർപ്പുകളുമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഒറ്റ തിരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വന്നാലും നിയമസഭകളിലേക്ക് ഇടയ്ക്കും മുറയ്ക്കും തിരഞ്ഞെടുപ്പു വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകതന്നെ ചെയ്യും. മന്ത്രിസഭ പല കാരണങ്ങളാൽ പുറത്തുപോകുന്ന ഘട്ടമുണ്ടായാൽ പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമാകും. അങ്ങനെ അധികാരത്തിൽ വരുന്ന സർക്കാരിന്, മുൻ സർക്കാരിന്റെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നിടം വരെ മാത്രമേ അധികാരത്തിൽ തുടരാനാവൂ എന്നതാകും പുതിയ വ്യവസ്ഥ. ഇതൊക്കെ കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്.
ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ഭരണ നേതാക്കൾ ആണയിടുന്നതെങ്കിലും എങ്ങനെ അതു സാദ്ധ്യമാകുമെന്ന കാര്യത്തിൽ ആശങ്കയാണുള്ളത്. ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തോടൊപ്പം തിരഞ്ഞെടുപ്പു പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ കാലഘട്ടങ്ങളിൽ വിദഗ്ദ്ധ സമിതികൾ സമർപ്പിച്ചിട്ടുള്ള ശുപാർശകൾ നടപ്പാക്കുന്നതിനു കൂടി കേന്ദ്രം പരിഗണന നൽകണം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ മൂന്നു മാസമാണ് വേണ്ടിവന്നത്. പ്രചാരണത്തിന് വളരെയധികം ദിവസങ്ങൾ വേണ്ടിവന്നത് ചെലവുകൾ പെരുകാൻ കാരണമായി. സമ്മതിദായകരെ പ്രബുദ്ധരാക്കാൻ ദീർഘമായ പ്രചാരണത്തിന്റെ ആവശ്യമൊന്നുമില്ല. സമയദൈർഘ്യം കുറച്ച് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ രൂപപ്പെടുത്താവുന്നതാണ്. കള്ളപ്പണത്തിന്റെ ദുഃസ്വാധീനം നിയന്ത്രിക്കാനും തിരഞ്ഞെടുപ്പുകാലം ചുരുക്കുന്നത് സഹായകമാകും. തിരഞ്ഞെടുപ്പില പണാധിപത്യം ഭീകരമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല.