ഷീലയുടെ അമ്മയായി എത്തി അമ്മ വേഷത്തിന് തുടക്കം, അവസാനം അഭിനയിച്ചതും ഷീലയോടൊപ്പം

മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ ഇനി ഒാർമ്മകളുടെ അഭ്രപാളിയിൽ. വെള്ളിത്തിരയിൽ 65 വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ എഴുനൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചാണ് മടങ്ങുന്നത്. സ്ത്രീകഥാപാത്രങ്ങളിൽ ഇത്രയും വ്യത്യസ്തമായ വേഷപ്പകർച്ച നടത്തിയ മറ്റൊരു അഭിനേത്രിയും ഉണ്ടാകില്ല.നായികയായും നായികയുടെ ചേച്ചിയും ചേട്ടത്തിയും അമ്മായിഅമ്മയുമായൊക്കെ വന്നതിനുശേഷമാണ് മലയാളസിനിമയിലെ സ്ഥിരം അമ്മത്താരമായി മാറുന്നത്.
അന്നത്തെ സൂപ്പർഹിറ്റ് സംവിധായകൻ ശശികുമാർ സംവിധാം ചെയ്ത കുടുംബിനിയിൽ ഷീലയുടെ അമ്മയായി അഭിനയിച്ചാണ് അമ്മ വേഷത്തിന് തുടക്കം. ഷീലയേക്കാൾ പ്രായക്കുറവുള്ള പൊന്നമ്മയുടെ കുടുംബിനിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ പൊന്നമ്മയുടെ അമ്മ വേഷത്തോട് സംവിധായകർക്കും നിർമ്മാതാക്കൾക്കും കൂടുതൽ താത്പര്യമായി. സത്യനും മധുവും നായകൻമാരായി അഭിനയിച്ച തൊമ്മന്റെ മക്കളിൽ അവരുടെ രണ്ടുപേരുടെയും അമ്മയായി നിറഞ്ഞുനിന്നു.ഒാടയിൽനിന്ന് എന്ന ചിത്രത്തിൽ സത്യന്റെ നായികയായും പ്രേക്ഷക മനസുകളിൽ വിസ്മയം ജനിപ്പിച്ചു. പിന്നീട് റോസി സിനിമയിലും നായികയായി. 1971 ൽ റിലീസ് ചെയ്ത നദി സിനിമയിൽ തിക്കുറിശിയുടെ ഭാര്യയായും പെരിയാറിൽ തിലകന്റെ അമ്മയായും അഭിനയിച്ചു. പിൽക്കാലത്ത് മലയാള സിനിമയിൽ തിലകൻ- കവിയൂർ പൊന്നമ്മ സൂപ്പർ ജോടികൾ തന്നെ പിറന്നു.
തമിഴ് സിനിമ കഴിഞ്ഞാൽ അമ്മ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മലയാള സിനിമയിൽ അമ്മയായി കവിയൂർ പൊന്നമ്മ ജീവിക്കുകയായിരുന്നു. നാലുതവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1958 ൽ തുടങ്ങിയ അഭിനയം 2021 വരെ തുടർന്ന കവിയൂർ പൊന്നമ്മ അമ്മച്ചി കൂട്ടിലെ പ്രണയകാലം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.ഷീലയും കവിയൂർ പൊന്നമ്മയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അവരുടെ പൊന്നു
അടുപ്പമുള്ളവർ പൊന്നു എന്ന് കവിയൂർ പൊന്നമ്മയെ വിളിച്ചു. പ്രിയപ്പെട്ടവരിൽനിന്ന് ആ വിളി കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
പി.എൻ. മേനോൻ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിന്റെ നിർമ്മാതാവും പിന്നീട് സംവിധായകനുമായി മാറിയ മണിസ്വാമിയുടെ ജീവിതപങ്കാളിയായി മാറിയതാണ് ജീവിതത്തിലെ കുടുംബ ചിത്രം. എന്നാൽ കുടുംബ ജീവിതത്തിൽ നേരിട്ട തിരിച്ചടികളെക്കുറിച്ച് പലവട്ടം പറഞ്ഞു. ഏതാനും വർഷം മുൻപായിരുന്നു മണിസ്വാമിയുടെ വേർപാട്, ഏക മകൾ കുടുംബസമേതം അമേരിക്കയിലായതിനാൽ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന് അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ തന്റെ ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്ന് വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ തന്നെ രംഗത്തു വന്നു.ആലുവ പുഴയുടെ
തീരത്ത് കവിയൂർപൊന്നമ്മയെപോലെ കുലീനത്വമുള്ള ശ്രീപദം എന്ന വീട്ടിൽ എത്തുന്നവരെ നിറഞ്ഞ മനസോടെ സ്വീകരിക്കുമായിരുന്നു. ശാരീരിക അവശത അലട്ടിയതിനാൽ ക്ഷേത്ര ദർശനം ഉൾപ്പടെ എല്ലാത്തിനും മുടക്കം വന്നെങ്കിലും നെറ്റിയിലെ വട്ടപ്പൊട്ടിനും നിറഞ്ഞ ചിരിയും മായാതെ ഉണ്ടായിരുന്നു.മലയാള സിനിമയിൽ എല്ലാം തികഞ്ഞ മുഖപ്രസാദമുള്ള ഐശ്വര്യവതിയായ ഈ അമ്മയ്ക്ക് പകരക്കാരില്ല എന്നതാണ് സത്യം.കിരീടത്തിലെയും കുടുംബസമേതത്തിലെയും തിങ്കളാഴ്ച നല്ല ദിവസത്തിലെയും അമ്മവേഷം പ്രേക്ഷക ഹൃദയത്തിൽ തന്നെയുണ്ട്.
മോഹൻലാലിന്റെ അമ്മ
ആദ്യകാലം മുതൽ എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത് .ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധം ഞങ്ങൾക്കിടയിലുണ്ട്. എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചഭിനയിച്ചു.കിരീടം, ചെങ്കോൽ , വന്ദനം ,ഭരതം ,സുഖമോ ദേവി , ട്വന്റി 20, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ,നാട്ടുരാജാവ്, വടക്കുംനാഥൻ , മായാമയൂരം, ഇവിടം സ്വർഗമാണ് , ഇരുപതാം നൂറ്റാണ്ട്, മിസ്റ്റർ ബ്രഹ്മചാരി
കളിപ്പാട്ടം, കടത്തനാടൻ അമ്പാടി തുടങ്ങി എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. മോഹൻലാലിന്റെ അമ്മയ്ക്ക് ലാൽ എന്റെ മകനായി അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം.
മമ്മൂസിന്റെ (മമ്മൂട്ടി) അമ്മയായി അഭിനയിക്കാനും എനിക്ക് ഇഷ്ടമാണ്. എന്റെ അമ്മയായി അഭിനയിക്കാൻ താത്പര്യമില്ല അല്ലേ എന്ന് മമ്മൂസ് തമാശയായി ചോദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നല്ലദിവസം, തനിയാവർത്തനം തുടങ്ങി കുറെ സിനിമകളിൽ ഞങ്ങൾ അമ്മയും മകനുമായി അഭിനയിച്ചു. കവിയൂർ പൊന്നമ്മ മുൻപ് കേരളകൗമുദിയോട് പറഞ്ഞു.മോഹൻലാലിന്റെ ആറാട്ടിൽ വേഷപ്പകർച്ചയില്ലെങ്കിലും ശബ്ദ സാന്നിദ്ധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു.
കൈനിറയെ വെണ്ണ തരാം
ബാബാകല്യാണി സിനിമയിലെ കൈനിറയെ വെണ്ണ തരാം എന്ന ഗാനമാണ് കവിയൂർ പൊന്നമ്മ കാളർ ടോൺ. ആ ഗാനരംഗത്ത് കവിയൂർ പൊന്നമ്മ മോഹൻലാലിനൊപ്പം നിറഞ്ഞഭിനയിക്കുകയും ചെയ്തു. കവിയൂർ പൊന്നമ്മയുടെ പ്രിയപ്പെട്ട ചലച്ചിത്രഗാനവും ഇതു തന്നെ. കവിയൂർ പൊന്നമ്മയെ വിളിക്കുന്നവർ പാട്ടിനെപ്പറ്റി ചോദിക്കുമ്പോൾ നിറഞ്ഞ സന്തോഷത്തിലാവും. കണ്ണനാണ് കവിയൂർ പൊന്നമ്മയുടെ ഇഷ്ട ദൈവം. പത്തനംതിട്ട ജില്ലയിലെ കവിയൂർ ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും എന്നും തനിക്ക് ഒപ്പമുണ്ടെന്ന് കവിയൂർ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.ഏതാനും വർഷം മുൻപ് ജന്മനാട്ടിൽ എത്തി സ്നേഹാദരം ഏറ്റുവാങ്ങിയിരുന്നു. നാടകരംഗത്തുനിന്ന് ഇരുപതാം വയസിലാണ് സിനിമാപ്രവേശം. പിന്നണി ഗായികയായും തിളങ്ങിയിട്ടുണ്ട്.