
തിരുവനന്തപുരം: അദ്ധ്യാപകരുടെ തസ്തിക നഷ്ടമാകാതിരിക്കാൻ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷനുകൾ നൽകാതെ ചില കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ അട്ടിമറിക്കുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിക്കുന്നതിന് സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിർദ്ദേശം നൽകി. എല്ലാ സർവകലാശാലകളിലുമെത്തി സമിതി പഠനം നടത്തും.
വിദ്യാർത്ഥികൾക്ക് അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകല്പന ചെയ്യുന്നതടക്കമുള്ള അവസരം നാലുവർഷ കോഴ്സിനുണ്ട്. ഉദാഹരണത്തിന് കെമിസ്ട്രിക്കൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ, സാഹിത്യവും സംഗീതവും ചേർന്നോ കെമിസ്ട്രി മാത്രമായോ പഠിക്കാം. ഇതിനായി കോളേജുകളിൽ കോഴ്സ് ബാസ്കറ്റുണ്ടാവണം.
എന്നാൽ, ഇത്തരത്തിൽ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന കോമ്പിനേഷനുകൾ നൽകിയില്ലെന്നാണ് പരാതിയുയർന്നത്. പകരം കോളേജുകളിൽ നിലവിലുള്ള വിഷയങ്ങളാണ് കോമ്പിനേഷനുകളായി നൽകിയത്. ഇതിലൂടെ അദ്ധ്യാപകരുടെ ജോലിഭാരം ക്രമീകരിച്ച് തസ്തിക നിലനിറുത്താനുള്ള നീക്കമാണ് നടത്തുന്നത്. അതിനാൽ, വിദ്യാർത്ഥികൾക്ക് രണ്ട് ഇഷ്ടവിഷയങ്ങൾ മറ്റേതെങ്കിലും കോളേജുകളിലോ ഓൺലൈനായോ പഠിക്കാൻ സർക്കാരിന് അവസരം നൽകേണ്ടിവന്നു.
ഒരു കോഴ്സോ വിഷയമോ വിവിധ കോളേജുകളിൽ പല രീതികളിലായിരിക്കണമെന്നും പഠനം ക്ലാസ്‌മുറിയിൽ മാത്രമായിരിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗമാണെങ്കിലും മിക്കയിടത്തും സൗകര്യമൊരുക്കിയിട്ടില്ല.
പൊതുനിർദ്ദേശം നൽകും
1.നാലുവർഷ കോഴ്സിന് എല്ലാ കോളേജുകളിലും ഒരേനിലവാരം ഉറപ്പാക്കാനുള്ള പൊതുനിർദ്ദേശങ്ങൾ സർക്കാർ നൽകും
2.വിദ്യാർത്ഥികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽ നിക്ഷേപിച്ച് മറ്റിടങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതിനാലാണിത്
സമിതി പരിശോധിക്കുന്നത്
കോഴ്സ് ബാസ്കറ്റ് സംവിധാനം ഇല്ലാതാക്കിയത്
കോഴ്സുകളുടെ എണ്ണവും ഓപ്ഷനുകളും കുറച്ചത്
കുട്ടികളാവശ്യപ്പെട്ട കോഴ്സ് ഘടന അനുവദിക്കാത്തത്
''സമിതിയുടെ പഠനം ഒരു മാസത്തിനകം തുടങ്ങും. പ്രശ്നങ്ങൾ പരിഹരിക്കും
-ഉന്നതവിദ്യാഭ്യാസ വകുപ്പ്
കുസാറ്റ് വി.സിയുടെ കാലാവധി തീരുന്നു
തിരുവനന്തപുരം: കുസാറ്റ് വൈസ്ചാൻസലറുടെ താത്കാലിക ചുമതല വഹിക്കുന്ന ഡോ. പി.ജി. ശങ്കരൻ 21ന് വിരമിക്കും. അക്കാഡമിക് വർഷം തീരുന്ന അടുത്ത ഏപ്രിൽ വരെ കാലാവധി നീട്ടണമെന്ന് അദ്ദേഹം ഗവർണറോട് അപേക്ഷിച്ചിട്ടുണ്ട്.
കുസാറ്റ് വി.സിയുടെ ചുമതല കൈമാറാൻ സീനിയർ പ്രൊഫസർമാരുടെ പാനൽ രാജ്ഭവൻ തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലാ രജിസ്ട്രാറും കുസാറ്റിലെ സ്കൂൾ ഒഫ് ഫോട്ടോണിക്സ് സീനിയർ പ്രൊഫസറുമായ ഡോ.എ.മുജീബാണ് പാനലിലെ ഒന്നാമൻ.