തിരുവനന്തപുരം: പേട്ട സപ്ലൈകോയിലെ മാൻഹോൾ മാറ്റിപ്പണിയണമെന്ന ആവശ്യവുമായി പ്രദേശവാസി. സപ്ലൈകോയുടെ സമീപത്തെ വീട്ടിലെ യുവതി നൽകിയ പരാതിയിൽ ഇന്നലെ വൈകിട്ടോടെ വാർഡ് കൗൺസിലർ സി.എസ്.സുജാദേവിയുടെ നേതൃത്വത്തിൽ ഡ്രെയിനേജ് വിഭാഗത്തിലെ എ.ഇ,ഓവർസീയർ തുടങ്ങിയവർ സ്ഥലത്തെത്തി.
യുവതിയുടെ വീടിന് മുന്നിലുള്ള മാൻഹോൾ ആറുമാസത്തോളമായി നിറഞ്ഞൊഴുകുകയാണ്.ഡ്രെയിനേജ് മാലിന്യം കാരണം ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.നിലവിലുള്ള സപ്ലൈകോ കെട്ടിടത്തിന്റെ എക്സ്റ്റെൻഷൻ ഏരിയായുടെ അടിയിലാണ് ഈ ലെയ്‌നിലെ മറ്റൊരു മാൻഹോൾ. മരങ്ങളുടെ വേരിറങ്ങി മാൻഹോൾ അടഞ്ഞിരിക്കുകയാണ്. ഈ മാൻഹോളിൽ മണ്ണ് നിറയുന്നത് കാരണമാണ് തന്റെ വീടിന് മുന്നിലെ മാൻഹോൾ നിറഞ്ഞൊഴുകുന്നതെന്നും അതിനാൽ സപ്ലൈകോ കെട്ടിടത്തിനകത്തെ മാൻഹോൾ പൊളിച്ചുകളഞ്ഞ് കടയുടെ മുന്നിലായി പുതിയത് പണിയണമെന്നുമാണ് യുവതിയുടെ പരാതി. 2009ലാണ് സപ്ലൈകോ കെട്ടിടം പണിഞ്ഞത്. 2021ൽ പ്രവർത്തനമാരംഭിച്ചു.മാൻഹോളിന്റെ മുകളിൽ ഇന്റർലോക്ക് ഇട്ട ഭാഗത്താണ് ഇപ്പോൾ സപ്ലൈകോയുടെ അരിച്ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ മാൻഹോൾ പണിയാമെന്ന് സപ്ലൈകോയും കെട്ടിടത്തിന്റെ ഉടമയും അറിയിച്ചതായി കൗൺസിലർ പറഞ്ഞു.