
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ സ്വകാര്യത വെളിപ്പെടുത്താതെ തെറ്റുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 43-ാമത് ചരമവാർഷികദിനത്തിൽ പങ്കെടുത്ത് മടങ്ങവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴര വർഷമായിട്ടും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടു പോയതാണ് പ്രതിക്ക് ജാമ്യം കിട്ടാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത്. അതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാൻ അദ്ദേഹത്തിന് സാധിക്കാത്തത്. കേന്ദ്ര മന്ത്രിയല്ലാത്ത ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
മെമ്മോറാണ്ടത്തിൽ
ഗുരുതര തെറ്റ്
വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയാറാക്കിയതിൽ ഗുരുതര തെറ്റുണ്ട്. എസ്.ഡി.ആർ.എഫ് അനുസരിച്ച് മെമ്മോറാണ്ടം തയ്യാറാക്കി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയാണ് വേണ്ടത്. ചിലരെ മുഖ്യമന്ത്രി അമിതമായി വിശ്വസിക്കുന്നതാണ് അപകടം വരുത്തി വയ്ക്കുന്നത്. ഭക്ഷണം കൊടുക്കാനും മൃതദേഹങ്ങൾ സംസ്‌ക്കരിക്കാനും കോടിക്കണക്കിന് രൂപ ചിലവഴിച്ചെന്നാണ് അതിലുള്ളത്. പെരുപ്പിച്ച കണക്കുകളുമായി റിപ്പോർട്ട് നൽകിയാൽ പണം കിട്ടില്ല. അതേസമയം,കേന്ദ്രം പണം തന്നില്ലെന്ന പരാതി മുഖ്യമന്ത്രി ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിനില്ലാത്ത പരാതി എന്തിനാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും സതീശൻ ചോദിച്ചു.