ആറ്റിങ്ങൽ: വാമനപുരം കാവയിൽ അനുവദിച്ച പുതിയ പാലത്തിന് 7കോടി 66 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. അടൂർ പ്രകാശ് എം. പി അറിയിച്ചു. വാമനപുരം പഞ്ചായത്തിനെയും പുളിമാത്ത് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആറിന് കുറുകെയാണ് ഈ പാലം പണികഴിപ്പിക്കുന്നത്. അഡ്വ. അടൂർപ്രകാശ് എം.പിയുടെ പ്രവർത്തനഫലമായി പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം മൂന്ന് കോടി 54 ലക്ഷം രൂപ ചെലവിൽ 4.78 കിലോമീറ്റർ ദൂരത്തിൽ പണി പൂർത്തീകരിച്ച വാമനപുരം ബ്ലോക്കിലെ കോട്ടുകുന്നം -ആനച്ചൽ- മാമൂട് റോഡ് അവസാനിക്കുന്ന കാവയിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ തുടങ്ങാൻ കഴിയുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതോടെ എഗ്രിമെന്റിൽ പറയുന്ന കാലാവധിക്കകം പണി പൂർത്തീകരിച്ച് പ്രസ്തുത പാലം നാടിന് സമർപ്പിക്കാൻ കഴിയുമെന്നും എം.പി അറിയിച്ചു.