
വെള്ളറട: തണൽ പദ്ധതി നൽകിയ ആശ്വാസത്തിൽ വിനിതയ്ക്കും മക്കൾക്കും ഇനി സന്തോഷത്തോടെ അന്തിയുറങ്ങാം. ധനുവച്ചപുരം മെയ്പുരം മുരിങ്ങയ്ക്കൽ വീട്ടിൽ നിർദ്ധനയും രോഗിയുമായ വിനിത (42) വീടില്ലാതെ അലയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.എട്ടുവർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ കുഞ്ഞുമക്കളുമായി തുണിമറച്ച ഷെഡിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.ഇവരുടെ അവസ്ഥ ഇടവക മിഖായേൽ ട്രസ്റ്റി ചെയർമാൻ ഡോ.ടി.ടി.പ്രവീണിനെ അറിയിക്കുകയായിരുന്നു.തുടർന്ന് മിഖായേൽ ചാരിറ്റബിൾ ട്രസ്റ്റ് അവരുടെ ഭവന പദ്ധതിയിൽ (തണൽ) ഉൾപ്പെടുത്തിയാണ് മുരിങ്ങയ്ക്കലിൽ വീട് നിർമ്മിച്ചുനൽകിയത്. മറ്റൊരു ജോലിക്കും പോകാനാകാത്ത വിനിതയ്ക്ക് കുടുംബസ്വത്തായി ലഭിച്ച വസ്തുവിറ്റ് വാങ്ങിയ സ്ഥലത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്.
മുൻപ് എട്ടുപേർക്ക് ട്രസ്റ്റ് വീടുകൾ നിർമ്മിച്ചുനൽകിയിരുന്നു.രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ടോയ്‌ലെറ്റും ഉൾപ്പെടെ 700 സ്ക്വയർഫീറ്റുള്ള വീടാണ്.ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാർപ്പിട പദ്ധതിക്ക് പുറമെ വിശക്കുന്നവന് അന്നം,ആരോഗ്യം,വസ്ത്രം തുടങ്ങിയവയും നൽകുന്നുണ്ട്.വീടിന്റെ പ്രതിഷ്ഠാ ശുശ്രൂഷകർമ്മങ്ങൾക്ക് സി.എസ്.ഐ മോഡറേറ്റർ ഡോ.കെ.റൂബൻ മാർക്ക് നേതൃത്വം നൽകി.ട്രസ്റ്റ് ചെയർമാൻ ഡോ.ടി.ടി.പ്രവീൺ വീടിന്റെ താക്കോൽദാനം നടത്തി.മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജയരാജ്,ബിഷപ്പ് സെക്രട്ടറി ഡോ.രോഹൻ പുഷ്പരാജ്,സംയുക്ത സമിതി പ്രസിഡന്റ് ഡോ.പ്രതാപൻ എന്നിവർ പങ്കെടുത്തു.